അക്ബര്‍ രജപുത്ര രാജകുമാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്

single-img
7 June 2019

മുഗള്‍ ചക്രവര്‍ത്തി അക്ബറിനെതിരായ ബി.ജെ.പി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. രജപുത്ര രാജകുമാരി കിരണ്‍ ദേവിയെ അക്ബര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് രാജസ്ഥാന്‍ ബി.ജെ.പി നേതാവ് മദന്‍ ലാല്‍ സൈനി പറഞ്ഞത്. രാജസ്ഥാനിലെ ജയ്പൂരില്‍ മേവാര്‍ രാജാവ് മഹാറാണാ പ്രതാപിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മദന്‍ ലാല്‍.

”എല്ലാവര്‍ക്കും അറിയാം അക്ബര്‍ സ്ഥാപിച്ച മീന ബസാര്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നു എന്ന്. പുരുഷന്‍മാര്‍ക്ക് അവിടെ പ്രവേശനമുണ്ടായിരുന്നില്ല. സ്ത്രീകള്‍ മാത്രം തൊഴിലെടുത്തിരുന്ന മീന ബസാറില്‍ അക്ബര്‍ പ്രവേശിച്ചിരുന്നു. അവിടെവെച്ചാണ് കിരണ്‍ ദേവിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കിരണ്‍ ദേവി ഇത് ചെറുത്തു. തുടര്‍ന്ന് അക്ബര്‍ ക്ഷമ ചോദിച്ചു” മദന്‍ ലാന്‍ പറഞ്ഞു.

എബ്രഹാം എറലിയുടെ ‘ദ മുഗള്‍ വേള്‍ഡ്; ലൈഫ് ഇന്‍ ഇന്‍ഡ്യാസ് ലാസ്റ്റ് ഗോള്‍ഡന്‍ ഏജ്’ എന്ന പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു സൈനിയുടെ പ്രസ്താവന. ഇതിന് മുമ്പും മുഗള്‍ ചക്രവര്‍ത്തിമാരെക്കുറിച്ച് സൈനി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പി നേതാവ് ചരിത്രം വളച്ചൊടിക്കുകയാണെന്നും സമൂഹത്തില്‍ വെറുപ്പ് നിറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അര്‍ച്ചന ശര്‍മ പറഞ്ഞു. വര്‍ഷങ്ങളായ മുഗളന്‍മാരുടെ പാരമ്പര്യത്തെ ബി.ജെ.പി ലക്ഷ്യമിടുന്നുണ്ടെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.