രണ്ടാം മോദി സർക്കാരിൽ തുടക്കത്തിലെ പൊട്ടിത്തെറി: രാജ്‍നാഥ് സിംഗ് രാജിക്കൊരുങ്ങി

single-img
7 June 2019

കേന്ദ്രമന്ത്രിസഭയിൽ രണ്ടാമനായ രാജ്നാഥ് സിംഗിനെ മന്ത്രിസഭാ പുനഃ സംഘടനകളുടെ പ്രധാന സമിതികളിൽ നിന്ന് തഴഞ്ഞതിൽ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. രാജ്‍നാഥ് സിംഗ് കടുത്ത പ്രതിഷേധമറിയിച്ചതോടെ വിവാദം ഒഴിവാക്കാൻ രാജ്‍നാഥിനെ നാല് പ്രധാന ഉപസമിതികളിൽക്കൂടി അംഗമാക്കി കേന്ദ്രസർക്കാർ നേരത്തേ ഇറക്കിയ വിജ്ഞാപനം തിരുത്തി. എട്ട് മന്ത്രിസഭാ സമിതികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് രാജ്‍നാഥ് സിംഗിനെ അംഗമാക്കിയിരുന്നത്. ഇതിൽ പ്രതിഷേധിച്ച് രാജ്‍നാഥ് സിംഗ് രാജിക്കൊരുങ്ങിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Support Evartha to Save Independent journalism

രാജ്നാഥ് സിങ്ങിനെ ആദ്യം സുരക്ഷ, സാമ്പത്തികകാര്യ സമിതികളിൽ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. രാവിലെ പുറത്തിറക്കിയ പട്ടികയിൽ സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയിൽപ്പോലും മുൻ പാർട്ടിയധ്യക്ഷൻകൂടിയായ രാജ്നാഥിനെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, രാത്രി അദ്ദേഹത്തെ ആറു സമിതികളിൽ അംഗമാക്കി. പാർലമെന്ററികാര്യം, രാഷ്ട്രീയകാര്യം, നിക്ഷേപം, തൊഴിൽ-നൈപുണ്യ വികസനം എന്നീ സമിതികളിലാണ് രാത്രി ഉൾപ്പെടുത്തിയത്. ഒരു സമിതിയുടെ അധ്യക്ഷനുമാക്കി.

രാജ്നാഥ് സിങ് രാജിസന്നദ്ധ അറിയിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും പിന്നീട് പാർട്ടി അത് തള്ളി. പ്രതിരോധമന്ത്രിയും രാഷ്ട്രീയകാര്യസമിതിയിൽ അംഗമാവുകയാണ് കീഴ്വഴക്കം. മന്ത്രിമാരുടെ പട്ടികയിൽ പ്രധാനമന്ത്രിക്കുശേഷം രണ്ടാമനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണുള്ളതെങ്കിലും സർക്കാരിലെ യഥാർഥ രണ്ടാമൻ ഷായാണെന്ന് വ്യക്തമാക്കുന്നവിധത്തിലായിരുന്നു സമിതികളുടെ ഘടന. ഷായ്ക്ക് കേന്ദ്രമന്ത്രിസഭയുടെ എട്ട് ഉപസമിതികളിൽ അംഗത്വവും അതിൽ രണ്ടെണ്ണത്തിൽ അധ്യക്ഷസ്ഥാനവുമുണ്ട്.

രാജ്യത്തെ പരമോന്നത ഉദ്യോഗസ്ഥരടക്കം ആരൊക്കെ ഏതൊക്കെ പദവികളിലിരിക്കണമെന്ന് നിർണയിക്കുന്ന നിയമനകാര്യസമിതിയിൽ ആകെ രണ്ട് പേരാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഏറ്റവും സുപ്രധാനമായ കാര്യങ്ങൾ തീരുമാനിക്കുന്ന നിയമനകാര്യസമിതിയുടെ കടിഞ്ഞാൺ ഇവരുടെ കയ്യിൽ മാത്രമാണ്. രാജ്‍നാഥ് സിംഗിന്‍റെ പ്രതിഷേധം വിവാദമായപ്പോഴും ഈ സുപ്രധാനസമിതിയിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ല.  

കഴിഞ്ഞ തവണ ആഭ്യന്തരമന്ത്രിയായ രാജ്‍നാഥ് സിംഗിന് ഇത്തവണ നൽകിയത് പ്രതിരോധവകുപ്പാണ്. ഗുജറാത്തിലേതെന്ന പോലെ മോദി താക്കോൽസ്ഥാനത്തിരുന്നപ്പോൾ അമിത് ഷാ ആഭ്യന്തരമന്ത്രിയായി. മന്ത്രിസഭയിൽ പ്രോട്ടോക്കോൾ പ്രകാരം രണ്ടാമനായ തന്നെ രാഷ്ട്രീയകാര്യസമിതിയും പാർലമെന്‍ററി കാര്യസമിതിയും പോലുള്ള സുപ്രധാന സമിതികളിൽ നിന്ന് ഒഴിവാക്കിയതിൽ രാജ്‍നാഥ് സിംഗിന് കടുത്ത അതൃപ്തിയുണ്ടായിരുന്നെന്നാണ് സൂചന.

മന്ത്രിസഭയിൽ രണ്ടാമനായ ആൾ പൊതുവേ പ്രധാനമന്ത്രിയില്ലെങ്കിൽ കാബിനറ്റ്, രാഷ്ട്രീയ ഉപസമിതികളുടെ അധ്യക്ഷനാകുന്നതാണ് കീഴ്‍വഴക്കം. ഈ സാഹചര്യത്തിൽക്കൂടിയാണ് രാജ്‍നാഥ് സിംഗിനെ ഇതിൽ രണ്ടിലും ഉൾപ്പെടുത്താതിരുന്നത് വലിയ ചർച്ചാ വിഷയമായത്. കഴിഞ്ഞ തവണ പ്രതിരോധമന്ത്രിയായിരുന്ന നിർമലാ സീതാരാമൻ രാഷ്ട്രീയകാര്യഉപസമിതിയിൽ അംഗമായിരുന്നു താനും.