പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരര്‍ കൊല്ലപ്പെട്ടു

single-img
7 June 2019

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. സൈന്യവും കശ്മീര്‍ പോലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൊരാള്‍ കശ്മീര്‍ പൊലീസിലെ മുന്‍ ഉദ്യോഗസ്ഥനാണ്.

തീവ്രവാദികളില്‍ നിന്ന് രണ്ട് എ.കെ 47 തോക്കുകളും ഒരു എ.കെ.എം തോക്കും എസ്.എല്‍.ആര്‍ റൈഫിളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. സര്‍വീസ് റൈഫിളുമായാണ് മുന്‍ പൊലീസുകാരന്‍ തീവ്രവാദികളുടെ സംഘത്തില്‍ ചേര്‍ന്നതെന്നാണ് വിവരം.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. വ്യാഴാഴ്ച വൈകീട്ടാണ് സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്. പ്രദേശത്ത് ഇപ്പോഴും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു.