ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ താൻ ശേഖരിച്ചിരുന്നുവെന്ന് പ്രകാശ് തമ്പി: കടയുടമയുടെ മൊഴിയിൽ ദുരൂഹത

single-img
7 June 2019

തിരുവനന്തപുരം: ബാലഭാസ്‌കറും കുടുംബവും ഡ്രൈവർ അർജുനോടൊപ്പം ജ്യൂസ് കുടിച്ച കൊല്ലം പള്ളിമുക്കിലെ കടയിൽ നിന്നും താൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നതായി സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയുടെ മൊഴി. സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലാകുന്നതിന് മുമ്പ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് പ്രകാശ് തമ്പി ഇക്കാര്യം പറയുന്നത്.

ജ്യൂസ് കടയുടമ ഷംനാദിന്‍റെ സുഹൃത്തായ നിസാമിന്‍റെ സഹായത്തോടെയാണ്  ദൃശ്യങ്ങൾ ശേഖരിച്ചതെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്ന അർജുന്റെ മൊഴി സത്യമാണോ എന്ന് പരിശോധിക്കുന്നതിനാണ് താൻ ദൃശ്യങ്ങൾ പരിശോധിച്ചതെന്നും എന്നാൽ കാര്യമായി ഒന്നും കിട്ടിയില്ലെന്നും പ്രകാശ് തമ്പി തന്റെ മൊഴിയിൽ പറയുന്നു.

അതേസമയം, ദൃശ്യങ്ങൾ പ്രകാശ് തമ്പി ശേഖരിച്ചുവെന്ന് ആദ്യം മൊഴി നൽകിയ കടയുടമ ഷംനാദ് മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം നിഷേധിച്ചത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രകാശ് തമ്പിയല്ല പൊലീസ് സംഘം തന്നെയാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും പ്രകാശ് തമ്പിയെ അറിയില്ലെന്നുമാണ് ഷംനാദ് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. താൻ മൊഴി നൽകിയെന്ന പേരിൽ ക്രൈംബ്രാഞ്ച് പറയുന്ന കാര്യങ്ങൾ കള്ളമാണെന്നും ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

”പ്രകാശ് തമ്പി എന്നൊരു കക്ഷിയേയേ എനിക്കറിയില്ല. ക്രൈംബ്രാഞ്ച് എന്നോട് ചോദിച്ചത് ഇങ്ങനെയൊരു സാറ് ഇവിടെ വന്നിരുന്നോ, കരിക്കിൻ ഷേക്ക് കുടിച്ചിരുന്നോ എന്നാണ്. ഇങ്ങനെ ഒരു സാറ് ഇവിടെ വന്നിരുന്നെന്ന് ‍ഞാൻ പറഞ്ഞു. വന്നപ്പോ ഞാനകത്ത് കിടക്കുകയായിരുന്നു. ഇങ്ങനെയൊരാളെ എനിക്കറിയുമായിരുന്നില്ല. വന്നത് ബാലഭാസ്കറാണെന്ന് എനിക്കറിയില്ലായിരുന്നു. ഭാര്യയ്ക്ക് കരിക്കിൻഷേക്ക് വേണ്ടേ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർക്ക് വേണ്ടെന്നും നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം അവർ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണെന്നും പറഞ്ഞു. അവർ ഉറങ്ങുകയായിരുന്നു. ഞങ്ങൾക്ക് രണ്ട് പേർക്ക് തരാൻ പറഞ്ഞു. പക്ഷേ, അവര് രണ്ട് പേരും ഷേക്ക് വാങ്ങി പൈസ തന്നപ്പോൾ ഞാൻ ചെന്ന് കിടന്നു”, ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ കടയുടമയുടെ വാദങ്ങൾ പൂർണമായും തള്ളുന്നതാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന തെളിവുകൾ. ഷംനാദിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് രേഖപ്പെടുത്തിയ പ്രകാശ് തമ്പിയുടെ മൊഴിയിൽ താൻ ദൃശ്യങ്ങൾ ശേഖരിച്ചുവെന്ന് പറയുന്നുണ്ട്.ഇതിന് ശേഷം വിശദമായ ചോദ്യം ചെയ്യലിന് എത്തണമെന്ന നിർദ്ദേശത്തോടെ ഇയാളെ പറഞ്ഞയച്ചെങ്കിലും സ്വർണക്കടത്ത് കേസിൽ ചിലർ പിടിയിലായതോടെ പ്രകാശ് തമ്പി ഒളിവിൽ പോയി. ഇപ്പോൾ ഡി.ആർ.ഐയുടെ കസ്‌റ്റഡിയിലുള്ള പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാൻ ഉടൻ തന്നെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. ഇതോടെ കേസിലെ പല കാര്യങ്ങളിലും വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

.