മൊഴിയെടുക്കാനിരിക്കെ പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനും കേരളം വിട്ടു; വന്‍ ദുരൂഹത

single-img
7 June 2019

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഏറുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുനും പൂന്തോട്ടം ആശുപത്രി ഉടമ ഡോ.രവീന്ദ്രനാഥിന്റെ മകന്‍ ജിഷ്ണുവും ഒളിവില്‍ പോയതാണ് വന്‍ ദുരൂഹതകള്‍ക്കിടയാക്കിയിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഡ്രൈവര്‍ അര്‍ജുനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു. പാലക്കാടാണ് അര്‍ജുന്‍ ഉള്ളതെന്നായിരുന്നു തൃശൂരിലെ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ പാലക്കാട് എത്തിയപ്പോള്‍ അര്‍ജുന്‍ അവിടെയുണ്ടായിരുന്നില്ല.

എവിടെയാണെന്ന് കൃത്യമായി അറിയില്ലെന്നാണ് പാലക്കാടുള്ളവര്‍ മൊഴി നല്‍കിയത്. വലതുകാലിനടക്കം ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജുന്‍ നാടുവിട്ട് പോയത് വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പൂന്തോട്ടം ആയുര്‍വേദാശ്രമത്തിനെതിരെയും ഉടമകള്‍ക്കെതിരെയും ബാലബാസ്‌കറിന്റെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ ജിഷ്ണുവിന്റെ മൊഴിയെടുക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി ജിഷ്ണുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ അദ്ദേഹം യാത്ര പോയതാണ് എന്നാണ് മറുപടി ലഭിച്ചത്. ജിഷ്ണു ഹിമാലയ യാത്രയ്ക്ക് പോയെന്നാണ് മാതാപിതാക്കള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. ഇവര്‍ ഒളിവില്‍ പോയി എന്ന് തീര്‍ത്ത് പറയാനാവില്ലെങ്കിലും രണ്ട് പേരും ഒരേ സമയം നാട്ടില്‍ നിന്ന് പോയത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്.

അതിനിടെ, ചാലക്കുടിയില്‍ നിന്ന് വാഹനമോടിച്ചത് അര്‍ജുനെന്ന് സ്ഥിരീകരിച്ചു. വാഹനം അമിത വേഗതയിലായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചാലക്കുടിയില്‍നിന്ന് 231 കിലോമീറ്റര്‍ സഞ്ചരിച്ച് കഴക്കൂട്ടത്തെത്താന്‍ എടുത്തത് 2.37 മണിക്കൂര്‍ മാത്രം. സ്പീഡ് കാമറ ദൃശ്യങ്ങളില്‍നിന്നാണ് തെളിവ് ലഭിച്ചത്.

അപകടസമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനായിരുന്നു കാര്‍ ഓടിച്ചതെന്നാണ്. എന്നാല്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ അര്‍ജുന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തുനിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഈ മൊഴി തെറ്റാണെന്ന് സ്ഥിരീകരിക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.

അതേസമയം, ബാലഭാസ്‌കര്‍ മരണക്കേസില്‍ അന്വേഷണ സംഘത്തിന്റെ വാദത്തെ തള്ളി കൊല്ലത്തെ കടയുടമ. ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പ്രകാശന്‍ തമ്പി കൈക്കലാക്കിയെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നു കടയുടമ ഷംനാദ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കൊണ്ടു പോയത് പൊലീസാണ്. പ്രകാശന്‍ തമ്പിയല്ല. പ്രകാശന്‍ തമ്പിയെ അറിയില്ല. ഡിവൈഎസ്പി ഹരികൃഷ്ണനാണു ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും കടയുടമ പറഞ്ഞു.

ഹാര്‍ഡ്ഡിസ്‌കിനു 30 ദിവസത്തെ ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ശേഷിയുണ്ട്. ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെയാണു നല്‍കിയതെന്നും ഷംനാദ് പറഞ്ഞു. അപകട ദിവസം ബാലഭാസ്‌കര്‍ പള്ളിമുക്കിലെ ഈ കടയിലെത്തി കരിക്കിന്‍ ഷേക്ക് കുടിച്ചിരുന്നു. അപകടത്തിനുശേഷം നാലാം ദിവസം പ്രകാശന്‍ തമ്പി കടയിലെത്തി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നാണു പൊലീസ് വാദം.

കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പി ശേഖരിച്ചെന്ന് കടയുടമ നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. ഈ മൊഴി പുറത്തുവന്നതോടെയാണ് വിശദീകരണവുമായി കടയുടമ രംഗത്തെത്തിയത്. അപകടത്തിന് മുന്‍പ് ബാലഭാസ്‌കറും കുടുംബവുമെത്തിയ ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി ശേഖരിച്ചെന്ന് മൊഴിയില്‍ പറഞ്ഞിരുന്നു. ഇവ നശിപ്പിച്ചതായി സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്ന പ്രകാശന്‍ തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം ശക്തിപ്പെട്ടത്. ബാലുവിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് കെ.സി.ഉണ്ണി രംഗത്തെത്തുകയായിരുന്നു.