സഹായം തേടി മമതയെത്തി; തൃണമൂലിന് രാഷ്ട്രീയ തന്ത്രമൊരുക്കാന്‍ പ്രശാന്ത് കിഷോര്‍

single-img
7 June 2019

ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് ചരിത്ര വിജയം നേടിക്കൊടുത്ത രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇനി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് മമതയുടെ തീരുമാനം.

കൊല്‍ക്കത്തയില്‍ ഇരുവരും തമ്മിലുള്ള രണ്ടു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രശാന്ത് കിഷോര്‍ മമതയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. 42 സീറ്റുള്ള പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റ് 34ല്‍ നിന്നും 22 ആയി കുറഞ്ഞിരുന്നു. രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പിയ്ക്ക് 18 സീറ്റുകളില്‍ വിജയം നേടാനും കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മമത പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരിക്കുന്നത്.

2014ല്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാന്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ ‘രാഷ്ട്രീയ തന്ത്രജ്ഞന്‍’ എന്ന നിലയിലാണ് പ്രശാന്ത് കിഷോര്‍ പ്രശസ്തനായത്. എന്നാല്‍, അന്നത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം കളംമാറ്റിയ പ്രശാന്ത് ബിജെപിയുടെ ബദ്ധശത്രുക്കള്‍ക്കൊപ്പം ബിഹാറിലും ഉത്തര്‍പ്രദേശിലും പ്രവര്‍ത്തിച്ചിരുന്നു.

ബിഹാറിലെ മഹാസഖ്യനീക്കത്തിലൂടെ നിതീഷ് കുമാറിനായി തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോര്‍ ജെഡിയു ഉപാധ്യക്ഷനായി പ്രവര്‍ത്തിക്കുയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശില്‍ രാഹുല്‍ഗാന്ധി അഖിലേഷ് യാദവ് സഖ്യത്തിന് ചുക്കാന്‍ പിടിച്ചതും പ്രശാന്ത് കിഷോര്‍ തന്നെയായിരുന്നു. ‘യുപി ബോയ്‌സ്’ എന്ന വിശേഷണം സഖ്യത്തെ ഏറെ ശ്രദ്ധേയമാക്കിയിരുന്നു. പക്ഷേ, അവിടെ പ്രശാന്തിന് നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു.

2016ലും മമത പ്രശാന്തിനെ സമീപിച്ചിരുന്നെങ്കിലും അതിനോടകം 2017ലെ യുപി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണചക്രം തിരിക്കുന്നതിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തെലങ്കാനയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രചാരണ ചുമതലയേറ്റെടുത്ത പ്രശാന്തിന്റെ തന്ത്രങ്ങള്‍ അത്ഭുത വിജയമാണ് റെഡ്ഡിക്കു സമ്മാനിച്ചത്. 175ല്‍ 150 സീറ്റിലും മിന്നും ജയം കരസ്ഥമാക്കിയാണ് റെഡ്ഡി അധികാരത്തിലേറിയത്.