കണ്ട്‌ ആസ്വദിക്കാനായി പരസ്യമായി ചുംബിക്കാന്‍ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോള്‍ സ്വവര്‍ഗാനുരാഗികള്‍ക്ക്‌ ബസില്‍ ക്രൂരമര്‍ദ്ദനം

single-img
7 June 2019

ബസിൽ വെച്ച് പരസ്യമായി ചുംബിക്കാന്‍ വിസമ്മതിച്ച സ്വവര്‍ഗാനുരാഗികൾക്ക് ഏൽക്കേണ്ടിവന്നത് ക്രൂരമർദ്ദനം. ലണ്ടൻ നഗരത്തിൽ ബസിൽ ഒരു സംഘം പുരുഷന്മാര്‍ ചേര്‍ന്ന്‌ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ്‌ യുവതികള്‍ പറയുന്നത്‌.

ഉറുഗ്വേ സ്വദേശിയായ മെലാനിയ ഗെയ്‌മോനറ്റ്‌, അമേരിക്കന്‍ സ്വദേശി ക്രിസ്‌ എന്നിവര്‍ക്കാണ്‌ പരസ്യമായി ഈ ദുരനുഭവമുണ്ടായത്‌. കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു ഇരുവരും. തങ്ങള്‍ സ്വവർഗാനുരാഗികൾ ആണെന്ന് മനസ്സിലാക്കിയ ബസ്‌ യാത്രക്കാരില്‍ ചിലര്‍ മോശമായി പെരുമാറുകയായിരുന്നെന്ന്‌ മെലാനിയ പറയുന്നു. ആദ്യം തങ്ങള്‍ക്ക്‌ ചുറ്റുംകൂടിനിന്ന്‌ അവര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടർന്ന് ചുംബിക്കാൻ ആവശ്യപ്പെട്ടു. അവര്‍ക്ക്‌ കണ്ടാസ്വദിക്കാൻ വേണ്ടി അങ്ങനെ ചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും മെലാനിയ പറയുന്നു.

എന്നാൽ ഇവർ ഇരുവരും ആവശ്യം നിരസിച്ചതോടെ പുരുഷന്മാർ ദേഹോപദ്രവം തുടങ്ങി. മർദ്ദനത്തിൽ മെലാനിയയുടെ മൂക്കിന്‌ സാരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ക്രിസിനെ ചുറ്റുംകൂടി നിന്ന്‌ അവര്‍ തല്ലിച്ചതച്ചു. സഞ്ചരിച്ചുകൊണ്ടിരുന്ന ഡബിള്‍ഡെക്കര്‍ ബസിന്റെ മുകള്‍ത്തട്ടിലായിരുന്നു സംഭവം. ഒരുവിധത്തിൽ താഴെയിറങ്ങി പൊലീസിന്റെ സഹായം തേടിയെന്നും മെലാനിയ പറയുന്നു. മർദ്ദനത്തോടൊപ്പം അക്രമികള്‍ പണവും മറ്റും അപഹരിച്ചതായും യുവതികള്‍ ആരോപിക്കുന്നു.