കുടിവെള്ളം ഉപയോഗിച്ച് കാറ് കഴുകി; കോഹ്‌ലിക്ക് പിഴ ശിക്ഷ

single-img
7 June 2019

കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിന് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൊഹ്‌ലിക്ക് പിഴയിട്ടു. കുടിവെള്ളം പാഴാക്കിയതിന് 500 രൂപയാണ് പിഴയിട്ടത്. ഗുഡ്ഗാവിലെ ഡി.എല്‍.എഫ് ഫേസ് 1 ലാണ് കൊഹ്‌ലിയുടെ വസതി. കോഹ്‌ലിയുടെ വീട്ടിലെ ജോലിക്കാരന്‍ കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതാണ് ഇന്ത്യന്‍ നായകന് വിനയായത്.

അയല്‍ക്കാരാണ് കുടിവെള്ളം പാഴാക്കുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് കൊഹ്‌ലിയുടെ വസതിയില്‍ എത്തിയ കോര്‍പ്പറേഷന്‍ അധികൃതര്‍ 500 പിഴ അടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

വേനല്‍ കടുത്തതോടെ ഉത്തരേന്ത്യയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഗുഡ്ഗാവിലും സമാന സ്ഥിതിയാണുള്ളത്. ഇതോടെയാണ് കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ കോര്‍പ്പറേഷന്‍ നടപടി കര്‍ശനമാക്കിയത്. കൊഹ്‌ലിയുടെ വസതിയിലെ എസ്.യു.വി അടക്കമുള്ള ആറോളം കാറുകള്‍ കുടിവെള്ളം ഉപയോഗിച്ച് കഴുകുന്നുണ്ടെന്നായിരുന്നു അയല്‍ക്കാര്‍ നല്‍കിയ പരാതി.