ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പി ജയരാജന്‍; അന്വേഷണം മുന്നോട്ടുപോയാല്‍ കുടുങ്ങുക മുഖ്യമന്ത്രി പിണറായി വിജയന്‍: കെ സുധാകരന്‍

single-img
7 June 2019

ഒഞ്ചിയത്തു ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎം നേതാവ് പി ജയരാജനാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. തുടക്കത്തിൽ നടന്നതുപോലെ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കില്‍ കുടുങ്ങുമായിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ട്വന്റി ഫോര്‍ എന്ന ചാനലില്‍ ‘വാര്‍ത്ത വ്യക്തി’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

ഇക്കാലയളവിൽ കേസിന്റെ തെളിവൊക്കെ പാതിവഴിക്ക് നഷ്ടമായി. ആദ്യഘട്ടത്തിലെ പോലെ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കില്‍ പല പ്രമുഖ നേതാക്കളും കുടുങ്ങുമായിരുന്നു. യുഡിഎഫ് ഭരിക്കുമ്പോൾ തന്നെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിരുന്നു. അത് താന്‍ മുൻപേ തുറന്നു പറഞ്ഞിരുന്നു.

അതേപോലെ അന്വേഷണത്തില്‍ പല ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ടിപി വധത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. അതില്‍ ഉൾപ്പെട്ട ഒരു ഡി.വൈ.എസ്പി ക്ക് കേസന്വേഷണം ഇവിടെവെച്ച് നിര്‍ത്തണമെന്ന് ശാസന ലഭിച്ചിരുന്നു. എന്നാൽ ശാസിച്ചത് ആരാണെന്ന് അറിയില്ല. ആ നിമിഷം അദ്ദേഹം തന്റെ കൈയിലെ പേന വലിച്ചെറിഞ്ഞ് ഇനി കേരള സര്‍ക്കാരിന്റെ ഭാഗമായി ജോലി ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. ആ വ്യക്തി നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടേഷനില്‍ ജോലി നോക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.