ഷിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകനാണോ ചെയര്‍മാനായത് ?; പരിഹസിച്ച് ജോസഫ്; പരാമര്‍ശം വേദനിപ്പിച്ചെന്ന് ജോസ് കെ. മാണി

single-img
7 June 2019

കേരള കോണ്‍ഗ്രസിലെ ഭിന്നത പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ ജോസ്.കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കുമെതിരെ വീണ്ടും പി.ജെ ജോസഫ് രംഗത്ത്. ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ലെന്നു ജോസഫ് പറഞ്ഞു.

ഷിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകനാണോ ചെയര്‍മാനായതെന്നും ജോസഫ് ചോദിച്ചു. ഇപ്പോള്‍ പാര്‍ട്ടിയില്‍ സമാവയത്തിന്റെ ആളുകളും പിളര്‍പ്പിന്റെ ആളുകളും മാത്രമാണുള്ളത്. നേരത്തെ 10 ജില്ലാ പ്രസിഡന്റുമാര്‍ അവരെ പിന്തുണച്ചെങ്കില്‍ ഇപ്പോള്‍ എട്ടല്ലേയുള്ളൂ.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ഞാന്‍ ഇരിക്കുകയല്ലേ. അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. നിലവില്‍ പാര്‍ട്ടിക്ക് ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമുണ്ട്. സമവായമുണ്ടെങ്കിലെ ഇതില്‍ മാറ്റം വരുത്താനാകൂ. ജോസ്.കെ മാണി വിഭാഗം പങ്കെടുക്കുമെന്ന് അറിയിച്ചാല്‍ യോഗം വിളിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

അതേസമയം, പി.ജെ. ജോസഫ് തനിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെന്ന് ജോസ് കെ. മാണി. കെ.എം. മാണിയെയും തന്നെയും അപമാനിക്കുന്നതിന് തുല്യമാണ് ജോസഫിന്റെ പരാമര്‍ശമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനാകണമെന്ന് താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നു മാത്രമാണ് തങ്ങളുടെ ആവശ്യം. ഒരുമിച്ച് മുന്നോട്ടു പോകാമെന്നാണ് ഇനിയും പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.