ദുബായ് വാഹനാപകടം: മരിച്ച മലയാളികളുടെ എണ്ണം ഏഴായി: മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വി മുരളീധരന്‍

single-img
7 June 2019

ഒമാനില്‍ നിന്ന് ദുബായിലെത്തിയ യാത്രാബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. അപകടത്തില്‍ ആകെ 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി ജമാലുദ്ദീന്‍, കണ്ണൂര്‍ തലശ്ശേരി സ്വദേശി ഉമര്‍ ചോനോകടവത്ത്, മകന്‍ നബീല്‍ ഉമര്‍, കിരണ്‍ ജോണി, രാജഗോപാലന്‍, കോട്ടയം സ്വദേശി വിമല്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ദീപകുമാറിന്റെ ഭാര്യ ആതിരയും നാല് വയസുള്ള മകനും പരിക്കുകളോടെ ആശുപത്രിയിലുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റില്‍ നിയന്ത്രണം വിട്ട് ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് റിപ്പോര്‍ട്ടുകള്‍. റാഷിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കു പ്രവേശിക്കുന്ന എക്‌സിറ്റ് പോയിന്റിലെ സൈന്‍ ബോര്‍ഡിലാണ് ബസ് ഇടിച്ചത്.

ഇവിടെ വലിയ പൊക്കമുള്ള വാഹനങ്ങള്‍ക്കു പ്രവേശനം നിയന്ത്രിക്കുന്ന 2.2 മീറ്റര്‍ ഉയരത്തിലുള്ള സൈന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ബസിന്റെ ഇടതു മുകള്‍ഭാഗം പൂര്‍ണമായും ഇതില്‍ ഇടിച്ചു തകര്‍ന്നു. 31 പേരുണ്ടായിരുന്ന ബസില്‍ ഇടതു ഭാഗത്തിരുന്നവരാണ് മരിച്ചവരെല്ലാം.

സൂര്യപ്രകാശം തടയാനുള്ള മറയുണ്ടായിരുന്നതിനാല്‍ സൈന്‍ ബോര്‍ഡ് കണ്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മസ്‌കത്തില്‍ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ.

അതിനിടെ, മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. അപകടത്തില്‍ പരിക്ക് പറ്റിയവരുടെ ചികിത്സ നടപടികള്‍ തുടരുകയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിക്ക് പറ്റിയവരുടെ വിവരങ്ങള്‍ അറിയുന്നതിനായി ദുബായിയില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്രി പറഞ്ഞു.