നിർണ്ണാ‍യക വെളിപ്പെടുത്തൽ: ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി വാങ്ങിയിരുന്നുവെന്ന് കടയുടമ

single-img
7 June 2019

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുമായി കൊല്ലത്തെ ജ്യൂസ് കടയുടമ. അപകടം നടന്ന ദിവസം ബാലഭാസ്കറും കുടുംബവും ഗുരുവായൂരിൽ നിന്നും വരുന്ന വഴിയിൽ ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി വാങ്ങിയിരുന്നുവെന്നാണ് ജ്യൂസ് കടയുടമ ഷംനാദ് വെളിപ്പെടുത്തിയത്.

ബാലഭാസ്കറിന്റെ മാനേജരും സുഹൃത്തുമായിരുന്ന പ്രകാശ് തമ്പി അപകടം നടന്നതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ സമീപിച്ച് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയെന്നും പിന്നീട് തിരികെത്തന്നുവെന്നുമാണ് ജ്യൂസ് കടയുടമയായ ഷംനാദ് ക്രൈം ബ്രാഞ്ചിനു മൊഴി നൽകിയത്. ഹാർഡ് ഡിസ്കിലെ ദൃശ്യങ്ങൾ മായ്ച്ച ശേഷമാണ് ഡിസ്ക് തിരികെ നൽകിയതെന്നും ഷംനാദ് പറഞ്ഞതായി 24 ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ഈ ഹാർഡ് ഡിസ്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് വിഭാ‍ഗത്തിനു കൈമാറി.

ഗുരുവായൂരിൽ നിന്നും ദർശനം കഴിഞ്ഞു മടങ്ങവേ കൊല്ലത്തെ ഷംനാദിന്റെ ജ്യൂസ് കടയിൽ ബാലഭാസ്കറും കുടുംബവും
ജ്യൂസ് കുടിക്കാൻ കയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നിർണ്ണായകമായ ഈ കണ്ടെത്തൽ.