ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ ഒളിവില്‍; അപകടദിവസം അര്‍ജുന്‍ 231 കിലോമീറ്റര്‍ സഞ്ചരിക്കാനെടുത്തത് രണ്ടര മണിക്കൂര്‍: ദുരൂഹത

single-img
7 June 2019

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഒളിവിലെന്ന് സംശയമുള്ളതായി ക്രൈംബ്രാഞ്ച്. ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിനായില്ല. ഇയാള്‍ അസമിലെന്നാണ് സംശയം. അപകടത്തില്‍ പരുക്കേറ്റയാള്‍ ദൂരയാത്രക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം, ചാലക്കുടിയില്‍ നിന്ന് വാഹനമോടിച്ചത് അര്‍ജുനെന്ന് സ്ഥിരീകരിച്ചു. വാഹനം അമിത വേഗതയിലായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചാലക്കുടിയില്‍നിന്ന് 231 കിലോമീറ്റര്‍ സഞ്ചരിച്ച് കഴക്കൂട്ടത്തെത്താന്‍ എടുത്തത് 2.37 മണിക്കൂര്‍ മാത്രം. സ്പീഡ് കാമറ ദൃശ്യങ്ങളില്‍നിന്നാണ് തെളിവ് ലഭിച്ചത്.

അപകടസമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനായിരുന്നു കാര്‍ ഓടിച്ചതെന്നാണ്. എന്നാല്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ അര്‍ജുന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തുനിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി.

ഈ മൊഴി തെറ്റാണെന്ന് സ്ഥിരീകരിക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു അന്വേഷണ സംഘം തൃശൂരിലെത്തി അര്‍ജുന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. പാലക്കാടാണ് അര്‍ജുന്‍ ഉള്ളതെന്നായിരുന്നു തൃശൂരിലെ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞത്.

എന്നാല്‍ പാലക്കാട് എത്തിയപ്പോള്‍ അര്‍ജുന്‍ അവിടെയുണ്ടായിരുന്നില്ല. എവിടെയാണെന്ന് കൃത്യമായി അറിയില്ലെന്നാണ് പാലക്കാടുള്ളവര്‍ മൊഴി നല്‍കിയത്. വലതുകാലിനടക്കം ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജുന്‍ നാടുവിട്ട് പോയത് വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.