ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

single-img
7 June 2019

ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേര്‍ മരിച്ചു. ഇതിൽ പത്തോളം ഇന്ത്യക്കാരുണ്ട്. മരിച്ച ആറ് മലയാളികളിൽ നാല് പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. രണ്ട് പേരെ തിരിച്ചറിയാനുണ്ട്. ദീപക് കുമാർ, ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനിൽ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവർ റാഷിദ് ആസ്പത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങൾ പോലീസ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ദുബൈ-മസ്കത്ത്, മസ്കത്ത്-ദുബൈ ബസ്
സർവീസുകൾ മുവാസലാത്ത് താൽകാലികമായി നിർത്തി വെക്കുന്നതായി അധികൃതർ വ്യക്തമാക്കി. മുവാസലാത്ത്-ദുബൈ ആർ.ടി.എ അധികൃതർ തമ്മില്‍ നടന്ന കൂടിയാലോചനക്ക് ശേഷമാണ് തീരുമാനം.