പാലാരിവട്ടം മേൽപ്പാലം പൊളിക്കണമെന്ന വിജിലൻസ് ശുപാർശ മന്ത്രി ജി സുധാകരന്‍ തള്ളി; ശക്തിപ്പെടുത്തി തുറന്നു കൊടുക്കാന്‍ തീരുമാനം

single-img
6 June 2019

നിര്‍മ്മാണത്തിലെ അപാകതയെ തുടര്‍ന്ന് അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപ്പാലം പൊളിക്കണമെന്ന വിജിലൻസ് ശുപാർശ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പൊളിക്കുന്നതിന് പകരം പാലം ശക്തിപ്പെടുത്തി തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ മേൽപ്പാല അഴിമതിയിൽ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം വിജിലൻസ് നടത്തുകയാണ്. മൂവാറ്റുപുഴയിലെ വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ് ഐ ആറിലാണ് മേൽപ്പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും പൊളിച്ചുമാറ്റി പുതിയ പാലം പണിയണമെന്നും വിജിലൻസ് ശുപാർശ ചെയ്യുന്നത്.

നിര്‍മ്മാണ സമയത്ത് നിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച പാലം ഭാവിയിലും അപകടത്തിന് കാരണമാകുമെന്നായിരുന്നു വിജിലന്‍സിന്‍റെ കണ്ടെത്തൽ. പക്ഷെ ഈ വാദം തള്ളുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി. പാലത്തിന്റെ നിർമ്മാണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥർ രൂപരേഖ മാറ്റുന്നതിനും നിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ച് പാലം പണിയുന്നതിനും മൗനാനുവാദം നൽകിയെന്നാണ് വിജിലൻസിന്റെ റിപ്പോർട്ട്. ഈ ഇടപാടില്‍ ഉദ്യോഗദസ്ഥർക്ക് സാമ്പത്തിക നേട്ടമടക്കം ഉണ്ടോയിട്ടുണ്ടോ എന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്.

കരാര്‍ എടുത്ത കമ്പനി ഉടമയായ സുമിത് ഗോയൽ പാലം രൂപ കൽപ്പന ചെയ്ത ബംഗളൂരു നാഗേഷ് കൺസൽട്ടൻസിയിലെ മഞ്ജുനാഥ് എന്നിവർ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ഈ മാസം ഒന്നിന് അറ്റകുറ്റപ്പണി പൂർത്തിയാക്കി മേൽപ്പാലം താൽക്കാലികമായി തുറന്ന് കൊടുക്കുമെന്നായിരുന്നു റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷൻ അറിയിച്ചിരുന്നത്. പക്ഷെ നിർമ്മാണ പ്രവർത്തികൾ ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ പാലം എപ്പോൾ തുറക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.