സിറോ മലബാർ സഭ ഭൂമി വില്‍പ്പന: ഇടപാടിൽ അഴിമതി ഇല്ല എന്ന സർക്കുലർ മാർപാപ്പയെ ധിക്കരിക്കുന്നത്: ആർച്ച് ഡയസിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പെരൻസി

single-img
6 June 2019

സീറോ മലബാർ സഭാ ഭൂമി ഇടപാടിൽ കെസിബിസിയുടെ സർക്കുലർ സർക്കുലർ നിയമവിരുദ്ധമെന്ന് ആർച്ച് ഡയസിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പെരൻസി. വിവാദ വിഷയത്തിൽ നിലവിൽ മാർപാപ്പയുടെ അന്വേഷണം നടക്കുകയാണ്. അതിനിടയിൽ ഭൂമി ഇടപാടിൽ അഴിമതി ഇല്ല എന്ന സർക്കുലർ മാർപാപ്പയെ ധിക്കരിക്കുന്നതാണെന്ന് ആർച്ച് ഡയസിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പെരൻസി വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി. സർക്കുലറിലൂടെ എറണാകുളം അതിരൂപത ഭൂമികുംഭകോണത്തെ കുറിച്ച് പറഞ്ഞത് ഇപ്പോൾ ഈ വിഷയത്തിൽ അന്വേഷണം നടത്തി കൊണ്ടിരിക്കുന്ന മാർപ്പാപ്പയെ ധിക്കരിക്കുന്നതും അതുവഴി കാനോൻ നിയമത്തിനും കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന അവസ്ഥയിൽ സിവിൽ നിയമത്തിനും വിരുദ്ധമാണെന്ന് വാര്‍ത്താക്കുറിപ്പ് വിശദമാക്കുന്നു.

Support Evartha to Save Independent journalism

സഭയിലെ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് ഈ സർക്കുലർ. ഭൂമി തട്ടിപ്പ് പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് കെസിബിസി പോലുള്ള ഫോറങ്ങൾക്ക് ഇനി ഒന്നും തന്നെ ചെയ്യാനില്ല എന്നിരിക്കെ സഭക്കുള്ളിൽ പരിഹാരം ഉണ്ടാക്കി എന്ന പ്രസ്താവന വസ്തുതാ വിരുദ്ധവും അപഹാസ്യവും പരിഹാസ്യവുമാണ്. വിവാദവുമായി ബന്ധപ്പെട്ട ഇടപാടിലെ റിപ്പോർട്ടുകൾ വത്തിക്കാൻ വിലയിരുത്തി വരുകയാണ്. അതുകൊണ്ട് സഭാപരമായി കെസിബിസിക്ക് ഒന്നും തന്നെ ചെയ്യാനില്ല എന്നതാണ് വസ്തുത.

ഭൂമി ഇടപാടിൽ വ്യായാമ വിരുദ്ധമായ ക്രമക്കേടുകൾ സംഭവിച്ചു എന്ന് ബോധ്യമുള്ളതിനാലാണ് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാവുകയും രൂപതയുടെ ഭരണകാര്യങ്ങളിലോ ദൈനംദിന ഇടപാടുകളിലോ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇടപെടരുത് എന്ന് വത്തിക്കാൻ കല്‍പിക്കുകയും ചെയ്തത്. ഇത്തരത്തിലുള്ള വിഷയത്തിൽ മറിച്ച് ഒരഭിപ്രായം പറഞ്ഞപ്പോൾ കെസിബിസി മാർപാപ്പയെപ്പോലും ചോദ്യം ചെയ്യുകയാണ് ചെയ്തത്. ഇത് തികച്ചും അപഹാസ്യമാണ്.

രാജ്യത്തെ കോടതികൾക്ക് ഈ വിഷയത്തിൽ ക്രമക്കേട് നടന്നു എന്ന് ബോധ്യം വന്നതിനാലാണ് മജിസ്ട്രേറ്റു തല അന്വേഷണം പ്രഖ്യാപിച്ചത്. മാത്രമല്ല പൊലീസിനോട് കോടതി എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതും പ്രഥമദൃഷ്ട്യാ ഗുരുതര ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനാലാണ്. എന്നാൽ ഇപ്പോഴത്തെ സർക്കുലർ നാട്ടിലെ നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന തരത്തിലാണ് – പ്രസ്താവന വിശദമാക്കുന്നു.