പ്രളയ ദുരിതാശ്വാസം; മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകളിൽ ധനസഹായം ലഭിച്ചില്ല; യാത്രയ്ക്ക് ചെലവായത് 3.72 ലക്ഷം

single-img
6 June 2019

കേരളത്തിൽ ഉണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിൽ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിക്ക് ഗൾഫ് യാത്ര നടത്താൻ മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാല് മാസത്തിന് ശേഷം സർക്കാർ നൽകിയ മറുപടിയിൽ പറയുന്നു.

കേരള പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു യാത്രാനുമതി നല്‍കിയത്. മുഖ്യമന്ത്രി നടത്തിയ സന്ദര്‍ശനം വഴി നവകേരള നിര്‍മാണത്തിന് എത്ര തുക സമാഹരിക്കാനായെന്നായിരുന്നു ജനുവരി 28ന് വിടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ ചോദിച്ചത്.

വീണ്ടും നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രി യൂറോപ്പ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം ചോദ്യം വീണ്ടുമുന്നയിച്ചു. ഇതിന് പിന്നാലെയാണ് നിയമസഭാ വെബ്സൈറ്റില്‍ മുഖ്യമന്ത്രിയുടെ മറുപടി പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറിയും ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും യാത്രയ്ക്കായി 3,72,731 രൂപയും ഡിഎ ഇനത്തില്‍ 51,960 രൂപയും ചെലവായെന്നും മറുപടിയിലുണ്ട്.

സി എഫ് തോമസ്, പി ജെ ജോസഫ്, മോന്‍സ് ജോസഫ്, എന്‍ ജയരാജ് എന്നിവരുടെ ചോദ്യത്തിന് വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായമൊന്നും കിട്ടിയിട്ടില്ലെന്നാണ് നല്‍കിയ മറുപടി. അതെസമയം ദുരന്തബാധിതർക്ക് പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1372 കോടി രൂപ അനുവദിച്ചതായും മറുപടിയിലുണ്ട്.