എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിട്ടത് രാമനാമത്തില്‍; രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കിൽ ജനം ചെരിപ്പെടുത്ത് അടിക്കും: ശിവസേന

single-img
6 June 2019

ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും രാമക്ഷേത്ര നിർമാണം എന്ന വിഷയം വിടാതെ ശിവസേന.
തെരഞ്ഞെടുപ്പില്‍ രാമനാമത്തിലാണ് എൻഡിഎ ഇത്തവണയും നേരിട്ടത്. അധികാരത്തില്‍ എത്തിയശേഷം ഇനിയും രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കിൽ ജനം ചെരിപ്പെടുത്ത് അടിക്കുമെന്ന് എൻഡിഎയുടെ സഖ്യകക്ഷിയായ ശിവസേന ഓര്‍മപ്പെടുത്തി.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലും രാമക്ഷേത്രം നിർമിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നൽകിയെങ്കിലും പൂർത്തിയാക്കാനായില്ല. ആ തെരഞ്ഞെടുപ്പ് സമയത്ത് ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ അയോധ്യ സന്ദർശിക്കുകയും ക്ഷേത്രനിർമാണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തതാണ്. ഇക്കുറി ക്ഷേത്രനിർമാണം ആരംഭിക്കുമെന്ന് കരുതുന്നുവെന്നും ശിവസേന വക്താവ് സഞ്ജയ് റൗത് പറഞ്ഞു.

പുതിയ കേന്ദ്ര സർക്കാറിൽ ബിജെപിക്ക് 303ഉം ശിവസേനക്ക് 18ഉം അടക്കം എൻഡിഎയ്ക്ക് 350 സീറ്റുണ്ട്. ജനങ്ങൾക്ക് ഞങ്ങളുടെ മേലുള്ള വിശ്വാസം തകർക്കാൻ സാധിക്കില്ല. രാമ ക്ഷേത്രം പണിയാൻ ഇതിൽക്കൂടുതൽ എന്താണ് ആവശ്യമെന്നും അദ്ദേഹം ചോദിക്കുന്നു. അയോധ്യയിലെ തര്‍ക്ക വിഷയം പരിഹരിക്കാൻ സുപ്രീം കോടതി മുൻ ജഡ്ജി എഫ്എംഐ ഖലിഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിയുടെ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് ശിവസേന വീണ്ടും വിഷയം സജീവമാക്കുന്നത്.

ഭിന്നതകള്‍ കൂടാതെ സൗഹാർദപരമായ പ്രശ്നപരിഹാരത്തിന് സാധ്യത കണ്ടെത്താനാണ് എട്ട് ആഴ്ച കൊണ്ട് കക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മാർച്ചിൽ സമിതിയെ നിയോഗിച്ചത്. സമിതി മെയ് 10ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.