കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അകമ്പടി സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സും; കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥ്‌ വിവാദത്തില്‍

single-img
6 June 2019

സ്വന്തം കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷേത്ര ദര്‍ശനം നടത്താന്‍ അകമ്പടിയായി സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സും വിട്ടുനല്‍കിയതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വിവാദത്തില്‍. ചൊവ്വാഴ്ചയാണ് വിവാദത്തിന് കാരണമായ സംഭവം ഉജ്ജയിനിയില്‍ നടക്കുന്നത്.

Donate to evartha to support Independent journalism

മുഖ്യമന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അനന്തരവനും അനന്തരവള്‍ക്കും ഉജ്ജെയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലാണ് വിഐപി പരിഗണന ലഭിച്ചത്. തുടര്‍ന്ന് മംഗള്‍നാഥ് ക്ഷേത്രത്തിലും ഇവര്‍ സന്ദര്‍ശനം നടത്തി.

ക്ഷേത്ര ദര്‍ശനം നടത്തുന്ന വേളയില്‍ ആറ് സര്‍ക്കാര്‍ വാഹനങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും ഇവരെ അനുഗമിച്ചു. നിലവിലുള്ള സര്‍ക്കാര്‍ ചട്ടമനുസരിച്ച് മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വിഐപി പരിഗണന നല്‍കരുതെന്ന് വ്യക്തമാക്കുന്നുണ്ട്.

വളരെ ചെറിയ ഭൂരിപക്ഷത്തില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് നിലവിലെ വിവാദം തലവേദനയാകും.
അവസാനം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായിരുന്നു.
ആശുപത്രികളില്‍ പോലും രോഗികള്‍ക്ക് ആവശ്യമായ ആംബുലന്‍സ് സേവനം ലഭിക്കാത്ത അവസ്ഥയില്‍ മുഖ്യമന്ത്രിയുടെ അനന്തരവന് ക്ഷേത്രദര്‍ശനത്തിനായി ആംബുലന്‍സ് നല്‍കിയത് നാണക്കേടാണെന്ന് ബിജെപി വക്താവ് രാഹുല്‍ കോത്താരി ആരോപിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മധ്യപ്രദേശിലെത്തിയപ്പോള്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോഴത്തെ വിവാദത്തില്‍ കഴമ്പില്ല എന്നും മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വിഐപി പരിഗണന നല്‍കിയിട്ടില്ലെന്നും മതിയായ സുരക്ഷ മാത്രമാണ് നല്‍കിയതെന്നും കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി അറിയിക്കുന്നു.