യുപിയിൽ കുടുംബവൈരാഗ്യത്തിന്റെ പേരിൽ രണ്ടരവയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കണ്ണുകൾ ചൂഴ്ന്നെടുത്തു

single-img
6 June 2019

അലിഗഢ്: ഉത്തർപ്രദേശിൽ കുടുംബവൈരാഗ്യത്തിന്റെ പേരിൽ രണ്ടര വയസുകാരിയായ പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്തു. അലിഗഢ് ജില്ലയിലെ ടപ്പലിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മെയ് 31ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികെയാണ് ജൂൺ 2-ന് കുട്ടിയുടെ മൃതദേഹം ടപ്പൽ പ്രദേശത്തു നിന്നും കണ്ടെത്തിയത്. കൈകൾ ഒടിഞ്ഞ നിലയിലും കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.

കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം മേയ് 31-ന് രാവിലെ 9 മണിക്ക് പരാതി നൽകിയിട്ടും പൊലീസ് വേണ്ട നടപടി എടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. അയൽവാസിയായ സാഹിദ് എന്നയാളും കേസിൽ പ്രതിയാണ്. ഇയാൾക്ക് കുട്ടിയുടെ മുത്തശ്ശനും അമ്മാവനുമായി സാമ്പത്തിക ഇടപാടുണ്ടെന്നും ഈ വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ പ്രതിഷേധിച്ച് മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും വീട്ടുകാരും റോഡ് ബ്ലോക്ക് ചെയ്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി.