ആ‍ശങ്കയ്ക്ക് വിരാമം: നിരീക്ഷണത്തിലുള്ള ആറുപേർക്കും നിപയില്ല; നിപ ബാധിച്ച വിദ്യാർത്ഥിയുടെ നില മെച്ചപ്പെട്ടു.

single-img
6 June 2019

കൊച്ചി: കൊച്ചിയില്‍ നിന്നും പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച ആറ് സാമ്പിളുകളിലും നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പരിശോധനാഫലം. നിപ രോഗിയുമായി അടുത്തിടപഴകിയ ഇവരില്‍ പനി ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവരുടെ ശരീര സ്രവങ്ങളുടേയും രക്തത്തിന്റേയും സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചത്.

നിലവിൽ നിപ ബാധിതനെന്ന് കണ്ടെത്തിയ യുവാവിനെ പരിശോധിച്ച രണ്ട് നഴ്സുമാർ, ഒരു നഴ്സിങ് അസിസ്റ്റന്റ്, സുഹൃത്തുക്കൾ, ബന്ധു എന്നിവർക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും നെഗറ്റീവ് ആയിരുന്നു ഫലം.

ഒരാളുടെ കൂടെ ഫലം ലഭിക്കാനുണ്ട്. ഇത് ആശ്വാസകരമായ അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. ആശങ്കയൊഴിഞ്ഞു എന്ന് പറയാനാവും, എന്നാല്‍ നിപ ഒഴിഞ്ഞെന്ന് പറയാനാവില്ല. രോഗം വലിയ അളവില്‍ വ്യാപിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിഞ്ഞാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമായി പറയാനാവുകയുള്ളൂ. ആശങ്കയൊഴിഞ്ഞാലും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിൽക്കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കഠിനമായ പനി കുറഞ്ഞു   ഇന്നലെ പൂനെയിൽ നിന്ന്  എത്തിച്ച ഹ്യൂമണ് മോണോക്ലോണാൽ ആന്റിബോഡീസ് നിലവിൽ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.

വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. രോഗം സംശയിക്കുന്നവരുടെ ഇന്‍കുബേഷന്‍ പീരീഡ് കഴിയുന്നതുവരെ നിരീക്ഷണവും പരിശോധനയും തുടരും. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം എന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പാരമെഡിക്കല്‍ സ്റ്റാഫ്, ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍, ആശപ്രവര്‍ത്തകര്‍, കുടുംബശ്രീ എന്നിവര്‍ക്ക് പരിശീലനവും ബോധവല്‍ക്കരണവും നല്‍കി. ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലെ 30 ഡോക്ടര്‍മാര്‍ക്കും 250 പാരാ മെഡിക്കല്‍ സ്റ്റാഫിനും 10 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുമാണ് പരിശീലനം നല്‍കിയത്. സ്വകാര്യമേഖലയില്‍ 190 ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കി.