മാവോയിസ്റ്റുകളെ തുരത്താൻ മമ്മൂട്ടി: ഉണ്ടയുടെ ട്രെയിലർ പുറത്തിറങ്ങി

single-img
5 June 2019

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷേപഹാസ്യവും ആക്ഷനും ചേർന്നുള്ള ട്രെയിലറിന് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ മമ്മൂട്ടി ആരാധകർ നൽകുന്നത്.

മമ്മൂട്ടി പൊലീസ് ഓഫീസറായെത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അർജുൻ അശോക്, ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ നിന്ന് പ്രമേയം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്. നക്സൽ ബാധിത പ്രദേശങ്ങളിൽ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക്പോകുന്ന കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദും ഖാലിദ് റഹ്മാനും ചേര്‍ന്നാണ്. മൂവി മില്‍, ജെമിനി സ്റ്റൂഡിയോസ് എന്നിവയുടെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷോത്തമനാണ്. ചിത്രം ജൂണ്‍ 14-ന്‌ തിയറ്ററുകളില്‍ എത്തും.