ഒന്നാം മോദി സര്‍ക്കാരിനെക്കാളും അപകടകാരിയായിരിക്കും ദളിതുകളെ സംബന്ധിച്ചിടത്തോളം രണ്ടാം മോദി സര്‍ക്കാര്‍: തോള്‍ തിരുമാളവന്‍

single-img
5 June 2019

രാജ്യത്തുള്ള ദളിത് പ്രസ്ഥാനങ്ങള്‍ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് വിസികെ നേതാവ് തോള്‍ തിരുമാളവന്‍. ദളിതുകളെ സംബന്ധിച്ച് ഒന്നാം മോദി സര്‍ക്കാരിനെക്കാളും അപകടകാരിയായിരിക്കും രണ്ടാം മോദി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി വലിയ വെല്ലുവിളികളായിരിക്കും പാര്‍ലമെന്റില്‍ നേരിടേണ്ടി വരിക. ബിജെപിക്ക് കിട്ടിയിട്ടുള്ള വലിയ ഭൂരിപക്ഷം ആസ്വദിച്ചു കൊണ്ട് അവര്‍ അവരുടെ തീരുമാനങ്ങള്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കും.

അവര്‍ക്ക് മുന്‍പില്‍ ഹിന്ദു രാഷ്ട്ര അജണ്ട, രാമ ക്ഷേത്ര നിര്‍മ്മാണ ആവശ്യം, ഒരു രാജ്യം ഒരു സംസ്‌ക്കാരം, ഗര്‍ വാപ്പസി, ഗോവധ നിരോധനം, ലവ് ജിഹാദ് എന്നിങ്ങനെയുള്ള വിഷയങ്ങളുണ്ടാവും. ഇവയെല്ലാം രാജ്യത്തെ ദളിതുകളെ ഭയപ്പെടുത്തുന്നതാണ്. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വം എന്നും തിരുമാളവന്‍ പറഞ്ഞു.

ബിജെപി- ആര്‍ എസ് എസ് ആശയം എന്നത് തന്നെ ഹിന്ദുക്കളും ഹിന്ദുക്കളല്ലാത്തവരും എന്നതാണ്. മാനസികപരമായി ദളിതുകള്‍ ചിന്തിക്കുന്നത് അവര്‍ ഹിന്ദുക്കളാണെന്നും ബിജെപിയെ തങ്ങള്‍ പിന്തുണക്കേണ്ടതുണ്ടെന്നുമാണ്. സമൂഹത്തിലെ അയിത്തം അവസാനിപ്പിക്കുന്നതിനോ ജാതി അതിക്രമത്തെ ഇല്ലാതാക്കുന്നതിനോ ബിജെപിയും ആര്‍എസ്എസും ഒന്നും ചെയ്യുന്നില്ല.

ആരൊക്കെയാണോ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നത് അവര്‍ കൈകോര്‍ക്കണം. അത് ഒരുപക്ഷെ ഇടത്പക്ഷമാവാം, സ്ത്രീകളാവാം, ന്യൂനപക്ഷങ്ങളാവാം. രണ്ടാം മോദി സര്‍ക്കാര്‍ ദളിതുകള്‍ക്ക് കൂടുതല്‍ അപകടകരമാവും. രാഷ്ട്രീയ അധികാരം എന്നതാവരുത് ദളിത് പ്രസ്ഥാനങ്ങളുടെ അടിയന്തിര അജണ്ട. പ്രതിപക്ഷത്തെ രാം വിലാസ് പാസ്വാനും രാംദാസ് അത്താവാലെയും അടക്കമുള്ള ദളിത് നേതാക്കളും പ്രസ്ഥാനങ്ങളും ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി കമ്മ്യൂണിസ്റ്റുകളുമായും മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളുമായും കൈകോര്‍ക്കണമെന്നും തോള്‍ തിരുമാളവന്‍ പറഞ്ഞു.