നിപ: ആശുപത്രിയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരം; നിരീക്ഷണത്തിലുള്ളവർ 314

single-img
5 June 2019

നിപ വൈറസ് പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമെനന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവിൽ ഏഴ് പേര്‍ ഐസൊലേഷൻ വാർഡിലാണ്. അതേപോലെ ഇന്ന് പരിശോധനക്കു അയച്ച 4 പേരുടെ ഫലത്തിൽ കുഴപ്പമില്ലന്നാണ് പ്രാഥമിക നിഗമനം. ജനങ്ങളിൽ പ്രതിരോധ പ്രവത്തനങ്ങൾക്ക് കൂടുതൽ പരിശീലനം നടത്തി വരികയാണ്.

നാളെ സംസ്‌ഥാനത്തു സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലും പരിശീലന പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തും. വൈറസിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇപ്പോൾ ചികിത്സയില്‍ കഴിയുന്ന യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു രോഗികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലായി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തതോടെ എണ്ണം മൊത്തം 314 ആയി. സംശയമുള്ള പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.