‘സ്വച്ഛ്‌ ഭാരത്‌ അഭിയാന്‍’; കേന്ദ്ര പദ്ധതിയില്‍ കക്കൂസുകളില്‍ പതിച്ചത്‌ ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍

single-img
5 June 2019

കേന്ദ്രസർക്കാർ പദ്ധതിയായ സ്വച്ഛ്‌ ഭാരത്‌ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കക്കൂസുകളില്‍ പതിച്ചത്‌രാഷ്ട്രപിതാവ് ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍. വിഷയം വിവാദമായതോടെ രണ്ട്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ അധികാരികള്‍ നടപടി സ്വീകരിച്ചു.
യുപിയിലെ ബുലന്ദ്‌ഷഹര്‍ ജില്ലയിലാണ്‌ സംഭവം.

പദ്ധതി പ്രകാരം 508 കക്കൂസുകളായിരുന്നു ഇവിടെ നിര്‍മ്മിക്കപ്പെട്ടത്. ഇതിൽ 13 എണ്ണത്തിലാണ്‌ ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍ പതിച്ചത്‌. ഇത് ശ്രദ്ധയിൽ പെട്ട ഗ്രാമീണരാണ്‌ വിഷയം ജില്ലാ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. തുടര്‍ന്ന്‌ അന്വേഷണം ഉണ്ടാവുകയും രണ്ട്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.

നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ വില്ലേജ്‌ ഡെവലപ്‌മെന്റ്‌ ഓഫീസര്‍ സന്തോഷ്‌ കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. വില്ലേജ്‌ പ്രധാനായിരുന്ന സാവിത്രി ദേവി എന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്‌ ജില്ലാ പഞ്ചായത്തിരാജ്‌ ഓഫീസര്‍ അമര്‍ജീത സിങ്‌ അറിയിച്ചു.