സുബ്രഹ്മണ്യ ഭാരതിയെ കാവിയാക്കി: തമിഴ്നാട്ടിൽ വൻ പ്രതിഷേധം

single-img
5 June 2019

തമിഴ് സാഹിത്യത്തിനു വലിയ സംഭാവനകൾ നൽകിയ കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സുബ്രഹ്മണ്യ ഭാരതിയെ യുടെ തലപ്പാവിന് കാവി നിറം നൽകിയതിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം.

Support Evartha to Save Independent journalism

സ്കൂൾ വിദ്യാഭ്യാസ വകുപ്പും എജ്യുക്കേഷണൽ സർവീസ് കോർപ്പറേഷനും ചേർന്നിറക്കിയ 12–ാം ക്ലാസ് പുസ്തകത്തിന്റെ കവർ ചിത്രത്തിലാണ് സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നൽകിയിരിക്കുന്നത്. സുബ്രഹ്മണ്യ ഭാരതിയുടെ ചിത്രങ്ങളിൽ സാധാരണ വെള്ളത്തലപ്പാവാണ് ഉണ്ടാകാറുള്ളത്.

തലപ്പാവിന് കാവി നിറം നൽകിയതിനെതിരെ ഡിഎംകെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കാവി തലപ്പാവ് ധരിച്ച ഭാരതിയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഡിഎംകെ എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ തങ്കം തെന്നരസു ചോദിച്ചു.

എന്നാൽ ദുരുദ്ദേശത്തോടെയല്ല ചിത്രം വരച്ചതെന്ന് പേജ് ഡിസൈൻ ചെയ്ത കതിർ അറുമുഖം പറഞ്ഞു. തലപ്പാവിന് നൽകിയിരിക്കുന്ന നിറം കാവിയല്ല ഓറഞ്ചാണെന്നും അദ്ദേഹം പറഞ്ഞു. കാവിവത്കരണത്തിനെതിരെ അധ്യാപകരടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.   

ബ്രാഹ്മണ്യത്തെ വെല്ലുവിളിക്കുകയും ദളിതരുടെ ക്ഷേത്ര പ്രവേശനത്തിനും മറ്റുമായി വാദിക്കുകയും ചെയ്ത പുരോഗമനവാദിയായിരുന്നു സുബ്രഹ്മണ്യ ഭാരതി. തന്റെ പേരിനു മുന്നിലുള്ള അയ്യർ എന്ന ജാതിവാലുപേക്ഷിച്ച് ഭാരതി എന്ന് ചേർത്തത് അദ്ദേഹം തന്നെയായിരുന്നു. ശൈശവ വിവാഹം,അയിത്തം,സ്ത്രീധനം, സ്ത്രീകളോടുള്ള വിവേചനം തുടങ്ങിയ എല്ലാ യാഥാസ്ഥിതിക വ്യവസ്ഥകളോടും കവിതകളിലൂടെയും പ്രതിഷേധസമരങ്ങളിലൂടെയും കലഹിച്ചിരുന്നയാളായിരുന്നു സുബ്രഹ്മണ്യ ഭാരതി.