അഖിലേന്ത്യാ മെഡിക്കല്‍ എൻട്രൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അന്‍പതില്‍ സ്ഥാനം നേടി മൂന്ന് മലയാളികള്‍

single-img
5 June 2019

അഖിലേന്ത്യാ മെഡിക്കല്‍ എൻട്രൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ആദ്യ അൻപത് സ്ഥാനത്തിൽ മൂന്ന് മലയാളികള്‍ ഇടംനേടി. ആകെയുള്ള 720ല്‍ 701 മാര്‍ക്ക് നേടിയ രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാല്‍ ഒന്നാം റാങ്ക് നേടി. ഭവിക് ബന്‍സാല്‍(ഡല്‍ഹി), അക്ഷത് കൗശിക്(യുപി) എന്നിവരാണ് 700 മാർക്ക് വീതം സ്വന്തമാക്കി രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. രാജ്യത്ത് പരീക്ഷയെഴുതിയ 14,10,755 പേരില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.

കേരളത്തില്‍ നിന്നും പരീക്ഷയെഴുതിയ 66.59 ശതമാനം പേര്‍ യോഗ്യത നേടി. കേരളത്തില്‍ നിന്നും എഴുതിയ അതുല്‍ മനോജ് 29ആം റാങ്ക് നേടി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആദ്യ 20 പെണ്‍കുട്ടികളില്‍ അഞ്ചാംസ്ഥാനം മലയാളിക്കാണ്.

ദേശീയ ശരാശരിയേക്കാള്‍ 10 ശതമാനം കൂടുതലാണ് കേരളത്തിന്റെ വിജയ ശതമാനം. ഫോനി ചുഴലികാറ്റിനെ തുടര്‍ന്നും കര്‍ണാടകയില്‍ ട്രയിന്‍ വൈകിയകതിനെ തുടര്‍ന്നും ചില വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ക്കായി മെയ് 20ന് വീണ്ടും പരീക്ഷ നടത്തിയതിനു ശേഷമാണ് എന്‍ ടി എ ഫലം പുറത്ത് വിട്ടത്.