രണ്ടാം ലോകമഹായുദ്ധത്തിൽ പൊരുതിമരിച്ച രണ്ട് ബ്രിട്ടീഷ് ഇന്ത്യൻ സൈനികരുടെ ഭൌതികശേഷിപ്പുകൾ 75 വർഷങ്ങൾക്ക് ശേഷം ഹരിയാനയിലെത്തിച്ചു

single-img
5 June 2019

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിയ്ക്കെതിരെ പൊരുതിമരിച്ച രണ്ട് ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാരുടെ ഭൌതികശേഷിപ്പുകൾ നീണ്ട 75 വർഷങ്ങൾക്ക് ശേഷം ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലെത്തിലെത്തിച്ചു.

ഹരിയാനയിലെ ഹിസാർ, ഝജ്ജർ എന്നീ ജില്ലകളിലെ ഗ്രാമങ്ങളിൽ നിന്നും പാലു റാം, ഹരി സിംഗ് എന്നീ രണ്ട് സൈനികരുടെ ഭൌതിക ശേഷിപ്പുകളാണ് നീണ്ട കാലയളവിനു ശേഷം
ഇറ്റലിയിൽ നിന്നും തിങ്കളാഴ്ച ബന്ധുക്കളുടെ പക്കലെത്തിയത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ 13-ആം ഫ്രന്റിയർ ഫോഴ്സ് റഫിൾസിലെ 4-ആം ബറ്റാലിയനിൽ ശിപായി (ജവാൻ)മാരായിരുന്നു പാലു റാമും ഹരി സിംഗും.

ഹിസാറിലെ നങ്ഥല സ്വദേശിയായിരുന്ന പാലു റാമിന്റെ ഭൌതിക ശേഷിപ്പുകൾ നിരവധി ഗ്രാമീണരെ സാക്ഷിനിർത്തി അദ്ദേഹത്തിന്റെ അനന്തിരവനാണ് ഏറ്റുവാങ്ങിയത്. 1944-ൽ ഇറ്റലിയിലെ പൊഗ്ഗിയോ അൾതൊയിൽ വെച്ച് നടന്ന യുദ്ധത്തിലാണ് അന്ന് 19 വയസുണ്ടായിരുന്ന പാലു റാം വീരമൃത്യു വരിച്ചതെന്ന് ജില്ലാ സൈനിക ബോർഡ് അംഗമായ റിട്ടയേദ് ക്യാപ്റ്റൻ പ്രദീപ് ബാലി പറഞ്ഞു. ഹരി സിംഗിനു അന്ന് 18 വയസായിരുന്നു ഉണ്ടായിരുന്നത്.

1960-ലാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഭൌതികശേഷിപ്പുകൾ ഇറ്റലിയിൽ നിന്നും കണ്ടെടുത്തത്. അതിനു ശേഷം 2010 വരെ ഈ സൈനികരുടെ പേരുവിവരങ്ങൾ കണ്ടെത്തുവാൻ അധികൃതർ ശ്രമിക്കുകയായിരുന്നു. ആറു വർഷങ്ങൾക്ക് മുൻപ് നടത്തിയ ഡിഎൻഎ ടെസ്റ്റുകൾ വഴി ഇതിൽ രണ്ട് സൈനികർ യൂറോപ്പിനു പുറത്തുള്ളവരാണെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായത്.

പിന്നീട് ഇറ്റാലിയൻ അധികൃതർ ഇന്ത്യൻ ആർമിയുമായും സർക്കാരുമായുംബന്ധപ്പെട്ട് പാലു റാമിന്റെയും ഹരി സിംഗിന്റെയും ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റലിയുടെ മോചനത്തിനായി 50,000 ഇന്ത്യാക്കാരായിരുന്നു പൊരുതിയത്.