ബൈക്കിൽ ഉരസിയശേഷം നിർത്താതെ പോയി; പിന്തുടർന്ന നാട്ടുകാരുടെ ബൈക്കിനെയും തട്ടിയിട്ടു: കൊല്ലത്ത് കല്ലട ബസിന് നേരേ കല്ലേറ്‌

single-img
5 June 2019

കൊല്ലം: ബൈക്കിൽ ഉരസിയ ശേഷം നിർത്താതെ പോയ കല്ലട ബസിനെ നാട്ടുകാർ പിന്തുടർന്ന് കല്ലെറിഞ്ഞതിനെത്തുടർന്ന് ട്രിപ്പ് മുടങ്ങി. ബൈക്ക് യാത്രക്കാരെ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞശേഷം ബസ് വിട്ടുപോയതാണ് പ്രകോപനമായത്.

തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് പോയ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസാണ് ദേശീയപാതയിൽ കൊട്ടിയത്തിനടുത്തുള്ള പള്ളിമുക്കിൽ വെച്ച് വഴിയാത്രക്കാരന്റെ ബൈക്കിൽ ഉരസിയത്. തുടര്‍ന്ന് നാട്ടുകാര്‍ ബൈക്കുകളില്‍ ബസിനെ പിന്തുടര്‍ന്നു. പിന്തുടര്‍ന്ന ബൈക്കുകളിലൊന്നിനെ ബസ് വീണ്ടും തട്ടിയതോടെയാണ് നാട്ടുകാര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്‍ മുൻവശത്തെ ചില്ലുകള്‍ പൂർണ്ണമായും തകര്‍ന്നു.

ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന റിസർവ് ഡ്രൈവറെക്കൊണ്ടാണ് ബസ് നടുറോഡിൽനിന്നു മാറ്റിയത്. യാത്രക്കാരെ മറ്റ് വാഹനത്തിൽ കയറ്റിവിടാൻ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

പോലീസ് സ്ഥലത്തുനിന്ന്‌ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.