ബംഗാളിലെ ഇടത് അനുഭാവികൾ ബിജെപിയ്ക്ക് വോട്ട് ചെയ്തെന്ന് തുറന്ന് സമ്മതിച്ച് സീതാറാം യെച്ചൂരി

single-img
5 June 2019

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ഇടത് അനുഭാവികളിൽ വലിയൊരു വിഭാഗം ബിജെപിയ്ക്ക് വോട്ട് ചെയ്തെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്ത വലിയൊരു ജനസമൂഹം ഇത്തവണ ബിജെപിയെ പിന്തുണച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ ആരും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

‘തൃണമൂൽ കോൺഗ്രസിന്റെ ഭീകരതയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും ആശ്വാസം ആഗ്രഹിച്ചവരുടെ സ്വാഭാവിക പ്രവണത ആയിരുന്നു ഇത്. മതേതര അടിത്തറ സംരക്ഷിക്കാൻ ആഗ്രഹിച്ചവർ തൃണമൂലിന് വോട്ട് ചെയ്തു. ഇത് തൃണമൂലും ബിജെപിയും ഉണ്ടാക്കിയ ധ്രുവീകരണത്തിന്റെ ഫലമാണ്. ഇതിന്റെ ഫലമായി മറ്റു പാർട്ടികളുടെ ഇടം തൃണമൂലും ബിജെപിയും കവർന്നെടുക്കുകയായിരുന്നു’ – യെച്ചൂരി പറഞ്ഞു.

കൊൽക്കത്തയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ വിളിച്ചുചേർത്ത സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു യെച്ചൂരി.

‘തെരഞ്ഞെടുപ്പിനിടെ ഞാൻ നാലു തവണ ബംഗാളിലെത്തിയിരുന്നു. ഇത്തവണ വോട്ട് രാമന്, ഇടതു പാർട്ടികൾക്ക് പിന്നീട്, എന്ന മുദ്രാവാക്യം പോലും തെരഞ്ഞെടുപ്പിനിടെ കേട്ടിരുന്നു. ആരാണ് ഈ മുദ്രാവാക്യത്തിന് രൂപം നൽകിയതെന്ന് അറിയില്ല. എന്നാൽ ഇത്തരത്തിലുള്ള ഒരു വികാരം അവിടെ ഉണ്ടായിരുന്നു’ – യെച്ചൂരി കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതിരുന്നതാണോ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് കാരണമെന്ന ചോദ്യത്തിന് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടും കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായില്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്ന രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. അതുകൊണ്ട് സഖ്യം എന്തുകൊണ്ട് യാഥാര്‍ഥ്യമായില്ലെന്ന് കോണ്‍ഗ്രസാണ് പറയേണ്ടത്. ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥികളായി മത്സരിച്ച 40 പേരില്‍ 39 പേര്‍ക്കും തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് നഷ്ടമായിരുന്നു.