പല പുരുഷന്മാര്‍ക്കും സ്ത്രീകളോടു ഇടപെടേണ്ടത് എങ്ങനെയെന്ന് അറിയില്ല: നടന്‍ വിനായകനെതിരായ ലൈംഗിക ആരോപണത്തില്‍ സജിത മഠത്തില്‍

single-img
4 June 2019

നടന്‍ വിനായകനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയുമായി അഭിനേത്രിയും വിമന്‍ കലക്ടീവ് അംഗവുമായ സജിത മഠത്തില്‍. പല പുരുഷന്മാര്‍ക്കും സ്ത്രീകളോടു ഇടപെടേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് സജിത മഠത്തില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

‘ഇതാണ് പ്രധാനപ്പെട്ട കാര്യം… ഇതൊക്കെയാണ് നമ്മള്‍ കാണുന്നത്. സ്ത്രീകളോടു ഇടപെടേണ്ടി വരുമ്പോള്‍ പല പുരുഷന്മാര്‍ക്കും വിവരമോ, സംവേദനക്ഷമതയോ, രാഷ്ട്രീയമോ ഉണ്ടാകില്ല. ഒപ്പമുണ്ട്,’ സജിത മഠത്തില്‍ കുറിച്ചു.

ഇന്നലെയാണ്, വിനായകന്‍ ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന ആരോപണവുമായ ദലിത് ആക്ടിവിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ യുവതി രംഗത്തെത്തിയത്. ഒരു പരിപാടിക്കു ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ദുരനുഭവം ഉണ്ടായത്. ‘പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ’ എന്നു വിനായകന്‍ പറഞ്ഞതായി യുവതി ആരോപിക്കുന്നു. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.