രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; തന്റെ മകന്റെ തോല്‍വിയുടെ ഉത്തരവാദി സച്ചിന്‍ പൈലറ്റെന്ന് അശോക് ഗെലോട്ട്

single-img
4 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ മകന്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റ് ഏറ്റെടുക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കോണ്‍ഗ്രസ് വിജയമുറപ്പിച്ച മണ്ഡലമായിരുന്നു ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് മത്സരിച്ച ജോധ്പൂര്‍ മണ്ഡലം. ബി.ജെ.പിയുടെ ഗജേന്ദ്ര സിങ് ഷെഖാവതിനോടാണ് വൈഭവ് നാല് ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്.

‘വലിയ ഭൂരിപക്ഷത്തില്‍ ഞങ്ങള്‍ ജോധ്പൂരില്‍ ജയിക്കുമെന്നാണ് സചിന്‍ പൈലറ്റ് പറഞ്ഞത്. അവിടെ ആറ് എം.എല്‍.എമാരുണ്ട്. പാര്‍ട്ടി മികച്ച പ്രചാരണമാണ് അവിടെ കാഴ്ചവെച്ചത്. അതുകൊണ്ട് ആ സീറ്റ് നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണം-ഗെഹ്‌ലോട്ട് പറഞ്ഞു.

മുഖ്യമന്ത്രിയായ ഗെഹ്‌ലോട്ടിന്റെ പ്രവര്‍ത്തനരീതിയാണ് പരാജയത്തിന് കാരണമെന്ന് സച്ചിന്‍ പൈലറ്റ് പക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ആരും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറല്ലെന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രതികരണം.

ആറു മാസം മുമ്പാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. മുഖ്യമന്ത്രി പദത്തിനായി സച്ചിനും ഗെഹ്ലോതും തമ്മിലുണ്ടായ തര്‍ക്കം ഹൈക്കമാന്‍ഡ് ഇടപ്പെട്ടാണ് പരിഹരിച്ചത്. വൈഭവ് ഗെഹ്ലോതിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയതിനെതിരെ സച്ചിന്‍ വിഭാഗ നേതാക്കള്‍ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു. പരാജയത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും ഗെഹ്ലോതിനടക്കം രാഹുല്‍ ഗാന്ധിയുടെ പരോക്ഷ വിമര്‍ശനവുമുണ്ടായിരുന്നു.