ഭീകരരുമായി ഒരു ചർച്ചയ്ക്കുമില്ല; ശക്തമായ നടപടികൾ: അമിത് ഷാ

single-img
4 June 2019

കശ്മീരിലെ ഭീകരരുമായി സർക്കാർ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ശക്തമായ നടപടികളുണ്ടാകുമെന്നും മുതിർന്ന മന്ത്രിമാരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞു.

Support Evartha to Save Independent journalism

ജമ്മുകശ്മീരിലെ സ്ഥിതിയാണ് ഇന്നലെയും ഇന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമായും വിലയിരുത്തിയത്. ജമ്മുകശ്മീരിലെ മണ്ഡല പുനർനിർണ്ണയം ഉൾപ്പടെ ചർച്ചയായി. ഭീകരവാദവുമായി ഒരു സന്ധിയുമില്ല. അവരെ പിന്തുണയ്ക്കുന്ന വിഘടനവാദികളുമായി ഒത്തു തീർപ്പിനില്ലെന്നും അമിത് ഷാ യോഗത്തിൽ വ്യക്തമാക്കിയെന്നാണ് സൂചന.  അമിത്ഷായുടെ നീക്കങ്ങൾ ബാലിശമെന്ന് വിമർശിച്ച് മെഹബൂബ മുഫ്തി രംഗത്തെത്തുകയും ചെയ്തു. 

ഇറാൻ എണ്ണ ഇറക്കുമതി പ്രശ്നത്തിൽ അമേരിക്കയുടെ നിലപാട് സംബന്ധിച്ച് വൈകിട്ട് അമിത് ഷായുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ചർച്ച ചെയ്തു. ധനമന്ത്രി നിർമ്മലാ സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തുമായും അമിത് ഷാ ചർച്ച നടത്തി. തന്‍റെ അധികാരം ആഭ്യന്തരമന്ത്രാലയത്തിൽ ഒതുങ്ങില്ലെന്ന സൂചനയാണ് ഇതിലൂടെ അമിത് ഷാ നല്കിയത്.

എല്ലാ ഗവർണ്ണർമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന നീതി ആയോഗ് ഭരണസമിതി യോഗം 15ന് ചേരും. സുപ്രധാന മന്ത്രിതല സമിതികളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷാ വരുമെന്ന സൂചനയാണ് ഇന്നത്തെ ചർച്ചകൾ നല്കുന്നത്. മോദി സർക്കാരിൽ സുപ്രധാന അധികാര കേന്ദ്രമായി മാറുകയാണ്  അമിത്ഷായുടെ ഓഫീസ്.