കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു; ആരും ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ശൈലജ; സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയെന്ന് ചെന്നിത്തല

single-img
4 June 2019

Support Evartha to Save Independent journalism

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്.

വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21കാരനിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനയ്ക്ക് അയച്ചതോടെയാണ് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി വീണ്ടും നിപ വൈറസ് സാന്നിധ്യം തെളിഞ്ഞത്.

അതേസമയം, നിപ നേരിടുന്നതിനായി സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും എടുത്തെന്ന് ആരോഗ്യമന്ത്രി അറിയിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കൊച്ചിയിലാണ് ആരോഗ്യമന്ത്രിയും പ്രതിപക്ഷനേതാവും കൂടിക്കാഴ്ച നടത്തിയത്.