ഇന്ത്യ പാക് മത്സരം കാണാൻ അക്തറിനും കുടുംബത്തിനും അന്ന് ടിക്കറ്റ് നൽകിയത് ഹർഭജൻ

single-img
4 June 2019

ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാക് പോരാട്ടം. ഈമാസം 16നാണ് ലോകകപ്പിൽ ഇരുവരും നേർക്കുനേർ വരുന്നത്. ലോകകപ്പിൽ ഇതുവരെ പാക്കിസ്ഥാന്, ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ഇത്തവണ ഇത് തിരുത്തികുറിക്കുമോ എന്നതിനെ ചൊല്ലി വാക് പോര് തുടരുകയാണ്.

ഇതിനിടെ ഇന്ത്യ വിജയിച്ച 2011 ലോകകപ്പിനിടെ നടന്ന ഒരു സംഭവം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രംഗത്തെത്തി. 2011 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റമുട്ടിയ മത്സരത്തിന്റെ ടിക്കറ്റ് പാക് താരം ഷോയിബ് അക്തർ തന്നോട് ചോദിച്ചെന്നാണ് ഹർഭജൻ വെളിപ്പെടുത്തിയത്.

ക്രിക്കറ്റ് ആവേശം പരകോടിയിൽ എത്തിയ ഇന്ത്യപാക് സെമി ഫൈനൽ മൊഹാലിയിലാണ് അന്ന് നടന്നത്. സെമി ഫൈനലിന് മുമ്പ് അക്തറിനെ കണ്ടിരുന്നു. അക്തറിന്റെ കുടുംബവും ഇന്ത്യയിൽ എത്തിയിരുന്നു. അതുകൊണ്ട് ടിക്കറ്റ് ലഭിക്കുമോയെന്ന് അക്തർ തന്നോട് ചോദിച്ചു.

നാല് ടിക്കറ്റുകൾ അദ്ദേഹത്തിന് നൽകിയെന്നും ഹർഭജൻ പറഞ്ഞു. അന്നത്തെ മത്സരത്തിന് അക്തർ കളിച്ചിരുന്നില്ല. മത്സരത്തിൽ സച്ചിന്റെ മികവിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് കുറിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 231 റൺസിൽ വീണു. 43 റൺസിന് രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഹർഭജനും കളിയിൽ തിളങ്ങിയിരുന്നു.

അതിന് ശേഷം ഫൈനൽ പോരാട്ടത്തിന്റെ ടിക്കറ്റുകളും അക്തർ ചോദിച്ചിരുന്നു. ഇത് കൊണ്ട് താങ്കൾ എന്ത് ചെയ്യും? ഇന്ത്യ ഉറപ്പായും ജയിക്കും. അത് താങ്കൾക്ക് കാണാമെങ്കിൽ രണ്ടോ നാലോ ടിക്കറ്റ് നൽകാമെന്നും പറഞ്ഞതായി ഇന്ത്യ ടുഡേയോട് ഹർഭജൻ പറഞ്ഞു.