വ്യാജ ബുള്ളറ്റ്; വഞ്ചിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി പൊലീസ്

single-img
4 June 2019

ഓണ്‍ലൈന്‍ സെക്കന്റ് ഹാന്‍ഡ് വില്‍പനയിലെ പ്രധാന താരമായ ആര്‍മി ബുള്ളറ്റ് വില്‍പനയില്‍ തട്ടിപ്പ് നടക്കുന്നതായി ഇടുക്കി എഎസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടുക്കി എഎസ്പി മുഹമ്മദ് ഷാഫിയാണ് ആര്‍മി ബുള്ളറ്റ് വില്‍പനയ്ക്ക് എന്ന ഒഎല്‍എക്‌സ് പരസ്യത്തില്‍ വീഴരുതെന്നും പണം നഷ്ടപ്പെടുമെന്നും ബുള്ളറ്റ് പ്രേമികള്‍ക്ക് ഉപദേശം നല്‍കിയത്. OLX പരസ്യത്തിലെ നമ്പറില്‍ ബന്ധപ്പെട്ട ഇടുക്കി അടിമാലിയിലെ യുവാവിന് പണം നഷ്ടപ്പെട്ടെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപടല്‍.

ഈ പ്രൗഢിക്ക് വില വെറും 50,000 രൂപ. OLXല്‍ കണ്ട ഈ പരസ്യത്തെ പിന്തുടര്‍ന്ന അടിമാലിക്കാരന്‍ യുവാവിന് നഷ്ട്ടപ്പെട്ടത് രൂപ 30,000 ആണ്. സഹില്‍ കുമാര്‍ എന്ന സൈനികനായി സ്വയം പരിചയപ്പെടുത്തി ഓണ്‍ലൈനില്‍ വന്നയാള്‍, പാന്‍കാര്‍ഡ് അടക്കം രേഖകള്‍ അയച്ചു.

വീഡിയോ കോള്‍ വിളിച്ച് ബുള്ളറ്റ് കാണിച്ച് വിശ്വാസ്യത ഉണ്ടാക്കി. കൊറിയര്‍ വഴി ബൈക്ക് എത്തിയ ശേഷം പണം നല്‍കിയാല്‍ മതിയെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട് പുണെയില്‍ നിന്നുള്ള കൊറിയറിന്റെ കൂലിയായി അയ്യായിരത്തി ഒരുന്നൂറ്റി അറുപത് രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

ആര്‍മി കൊറിയര്‍ വഴി ബുള്ളറ്റ് അയച്ചതിന്റെ സ്ലിപ്പും നല്‍കി. ബൈക്ക് വിലയുടെ അന്‍പതു ശതമാനം അടക്കണമെന്ന് പിറ്റേന്ന് ആവശ്യപ്പെട്ടു. വിസമ്മതം അറിയിച്ചപ്പോള്‍ ഇരുപത്തിയഞ്ച് ശതമാനം തുക അടയ്ക്കാനായി നിര്‍ദേശം. അങ്ങനെ പന്ത്രണ്ടായിരത്തി അഞ്ഞൂറൂം പിന്നീട് പാര്‍സല്‍ കോയമ്പത്തൂര്‍ എത്തിയെന്ന് അറിയിച്ചപ്പോള്‍ വീണ്ടും പന്ത്രണ്ടായിരത്തി അഞ്ഞൂറും അക്കൗണ്ടിലിട്ട് നല്‍കി.

തൊട്ടടുത്ത ദിവസം വീണ്ടും പണം ആവശ്യപ്പെട്ടതോടെ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. ഇതിനുശേഷം കഴിഞ്ഞ ഇരുപത്തിയാറിന് തട്ടിപ്പുകാര്‍ വീണ്ടും വിളിച്ച് ഏഴായിരത്തി ഇരുന്നൂറ് രൂപകൂടി നല്‍കിയാല്‍ മുപ്പത്തിരണ്ടായിരം തിരികെ നല്‍കാമെന്ന വിചിത്ര നിര്‍ദേശം വച്ചു.

ഇനി കാശ് കളയാന്‍ ഇല്ലെന്ന് തീരുമാനിച്ച് ചോദ്യംചെയ്തതോടെ തട്ടിപ്പുകാര്‍ പിന്നെ വിളിച്ചിട്ടുമില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇടുക്കി പൊലീസ് അന്വേഷണം തുടങ്ങി. സൈനികന്‍ എന്ന് അവകാശപ്പെട്ട് നല്‍കിയ രേഖകളെല്ലാം വ്യാജമാണെന്നാണ് പൊലീസ് നിഗമനം. ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി എ.എസ്.പി കെ മുഹമ്മദ് ഷാഫി വിഷയം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സമാന തട്ടിപ്പുകളുടെ അനുഭവവുമായി ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്.