ആശുപത്രിയിൽ വെച്ച് പ്രകാശ് തമ്പി രണ്ടുതവണ ലക്ഷ്മിയുടെ വിരലടയാളം പതിപ്പിക്കാൻ ശ്രമിച്ചു: വെളിപ്പെടുത്തലുമായി ബാലഭാസ്‌കറിന്റെ അമ്മാവൻ

single-img
4 June 2019

തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിൽ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു, പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരി എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അമ്മാവനും ഗുരുനാഥനുമായ ബി ശശികുമാർ രംഗത്ത്. ഇവരെ കേന്ദ്രീകരിച്ച‌് അന്വേഷണം വേണമെന്നും ശശികുമാർ ‘ദേശാഭിമാനി’ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Support Evartha to Save Independent journalism

ബാലഭാസകറിനെ മൂവരും ചേർന്ന് മുതലാക്കിയെന്നും അപകടത്തിൽ പരിക്കേറ്റ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസമാണ‌് പ്രകാശ‌് തമ്പിയെ കുറിച്ച‌് സംശയമുണ്ടായതെന്നും ശശികുമാർ പറയുന്നു.

പാലക്കാട്ടെ ആയുർവേദ ഹോസ‌്പിറ്റൽ നടത്തിപ്പുകാരിയും ആശുപത്രിയിൽ വന്നിരുന്നു. അപകട ശേഷം ഇവരുടെ പെരുമാറ്റത്തിൽ സാരമായ മാറ്റമുണ്ടായി. ബന്ധുക്കളെ പൂർണമായി ഒഴിവാക്കി മൂവരും ആശുപത്രിയിലെ മുറിയിൽ ചർച്ചകൾ നടത്തി. ബാലുവിന്റെ സാമ്പത്തിക കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കുന്നതിൽ ആയിരുന്നു ശ്രദ്ധ. ഇതിനിടയിൽ പ്രകാശ‌്തമ്പി രണ്ടുവട്ടം ചില രേഖകളിൽ ലക്ഷ‌്മിയുടെ വിരലടയാളം പതിപ്പിക്കാൻ ശ്രമം നടത്തിയെന്നും എന്നാൽ ആശുപത്രി അധികൃതർ ഇടപെട്ടതിനെത്തുടർന്ന‌് നടന്നില്ലെന്നും ശശികുമാർ ആരോപിക്കുന്നു.

ബാലുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവർക്ക‌് ഒരു ദുഃഖവും ഉള്ളതായി അനുഭവപ്പെട്ടില്ല. ഡ്രൈവർ അർജുൻ ആദ്യം പറഞ്ഞത‌് വാഹനം ഓടിച്ചിരുന്നത‌് താനാണേന്നാണ്. എന്നാൽ പിന്നീട‌് മൊഴി മാറ്റി. ആശുപത്രിയിൽ നിന്നും ബാലഭാസ‌്കറിന്റെ കുടുംബത്തെ മാറ്റിനിർത്താൻ ബോധപൂർവമായ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സാക്ഷികളെയും ഇവരാണ് ഹാജരാക്കിയത്. ബാലുവിന്റെ മരണശേഷം പ്രകാശ് തമ്പി സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ പിടിമുറക്കി. ഇയാളുടെ നിർദേശത്തെ തുടർന്ന് ബാലുവിന്റെ കുടുംബത്തെ സ്വത്ത്, അക്കൗണ്ട് സംബന്ധമായ രേഖകൾ കാണിക്കുന്നതിൽ നിന്നും ബാങ്ക് അധികൃതരെ വിലക്കിയെന്നും ശശികുമാർ ആരോപിക്കുന്നു.

വടക്കുംനാഥ ക്ഷേത്രദർശന വേളയിൽ പാലക്കാട്ടെ സ‌്ത്രീയുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നു. അവരുടെ നിർബന്ധപ്രകാരമായിരുന്നു ക്ഷേത്രദർശനം എന്നാണ‌് അറിയാൻ കഴിഞ്ഞത‌്. അന്ന‌് തന്നെ തിരികെ നാട്ടിലേക്ക‌് മടങ്ങാനും അവർ നിർബന്ധം പിടിച്ചിരുന്നു. യാത്രക്കിടയിൽ ഇവർ ബാലഭാസ‌്കറിനെ വിളിച്ചിരുന്നതായും വിവരമുണ്ട‌്. മാത്രമല്ല എന്ത‌് നേർച്ചയാണ‌് കുട്ടിക്കായി നടത്തിയതെന്ന‌്  ചോദിച്ചപ്പോൾ ലഭിച്ച മറുപടിയിലും പൊരുത്തക്കേട‌ുണ്ടായി. അപകടം നടന്ന‌് രണ്ട‌് മണിക്കൂറിന‌് ശേഷം ബാലഭാസ‌്കറിന്റെ കുടുംബത്തെ അക്കാര്യം വിളിച്ചറിയിച്ചത‌് ആ സ‌്ത്രീയുടെ മകനാണ‌് എന്നതും ദുരൂഹത വർധിപ്പിക്കുന്നുവെന്നും ശശികുമാർ കൂട്ടിച്ചേർത്തു.

ബാലഭാസ‌്കറിനൊപ്പം രണ്ടുതവണ അവരുടെ വസതി സന്ദർശിച്ചിട്ടുണ്ട‌്. അന്നേ അവരെ കുറിച്ച‌് ചില സംശയങ്ങളുണ്ടാവുകയും മുന്നറിയിപ്പ‌് നൽകുകയും ചെയ‌്തിരുന്നു. ബാലഭാസ‌്കറിന്റെ മരണ ശേഷം പ്രകാശ‌് തമ്പിയും പാലക്കാട്ടെ സ‌്ത്രീയും ലക്ഷ‌്മിയുമായി ബന്ധം പുലർത്തിയിരുന്നു. വാഹനത്തിൽനിന്നും കണ്ടെടുത്ത സ്വർണത്തെക്കുറിച്ചും മൂന്നുപേരും ബാലഭാസ‌്കറിൽനിന്നും വൻതുക തട്ടിയെടുത്തതായും സംശയമുണ്ടെന്നും ശശികുമാർ പറഞ്ഞു.