മമത സ്വന്തം ശവക്കുഴി തോണ്ടുകയാണെന്ന് അപർണ സെൻ

single-img
4 June 2019

കൊൽക്കത്ത: ബംഗാളിൽ ‘ജയ് ശ്രീറാം’ വിളികൾ തടയുന്നതിലൂടെ സ്വന്തം കുഴി തോണ്ടുകയാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയെന്ന് ബോളിവുഡ് സംവിധായിക അപർണ സെൻ. രാഷ്ട്രീയത്തെ മതവുമായും, ഹിന്ദുത്വത്തെ ദേശീയതയുമായും കൂട്ടികുഴയ്ക്കുന്നതിനെ കുറിച്ചും സെൻ ആശങ്ക പ്രകടിപ്പിച്ചു.

മമത പലപ്പോഴും ചിന്തിക്കാതെ പ്രതികരിക്കുന്നെന്നാണ് അപര്‍ണ സെന്‍ പറയുന്നത്. വന്‍ ഭൂരിപക്ഷത്തിലാണ് മമത അധികാരത്തിലേറിയത്. സംസ്ഥാനത്തിന് ഗുണകരമായ പല പ്രവൃത്തികളും മമത ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനിയും നീണ്ട കാലം മുഖ്യമന്ത്രിയായി ഇരിക്കണമെന്നാണെങ്കില്‍ ആദ്യം മമത സ്വയം നിയന്ത്രിക്കാന്‍ പഠിക്കണം.  ചിന്തിച്ച് സംസാരിക്കാന്‍ മമത പഠിക്കേണ്ടതുണ്ടെന്നും അപര്‍ണ സെന്‍ പറഞ്ഞു. 

‘എനിക്കിത് ഇഷ്ടമല്ല. രാഷ്ട്രീയവും മതവും ഒരിക്കലും കൂട്ടികുഴയ്ക്കാൻ പാടില്ല. എല്ലാ പ്രശ്‌നങ്ങളും തുടങ്ങുന്നത് ഇവ രണ്ടും ഒന്നാണെന്ന് കരുതുമ്പോഴാണ്. ഇതൊരു ജനാധിപത്യ രാജ്യമാണ്. ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ‘ജയ് ശ്രീറാം’, ‘അള്ളാഹു അക്ബർ’, ‘ജയ് മാ കാളി’ എന്നെല്ലാം അവർ വിളിച്ചാൽ നിങ്ങൾക്ക് അവരെ തടയാനാകില്ല.’ അപർണ സെൻ വ്യക്തമാക്കി.

ബംഗാളിൽ ‘ജയ് ശ്രീറാം’ എന്ന് വിളിച്ച ബി.ജെ.പി പ്രവർത്തകരെ മമത ബാനർജി തടഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പുറത്ത് വരികയും ചെയ്‌തിരുന്നു. ഏതാനും പ്രവർത്തകർ മമതയുടെ വാഹന വ്യൂഹത്തിനടുത്തെത്തി രാമ സ്തുതികൾ മുഴക്കുന്നതും, മമത കാറിൽ നിന്നും ഇറങ്ങി ഇവരെ ശകാരിക്കുന്നതുമാണ് വീഡിയോയിൽ.

മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം ബംഗാളിലെ ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. ഇനി വരാന്‍ പോകുന്ന നിയമസഭാ  തെരഞ്ഞെടുപ്പില്‍ മമത നേരിടാന്‍ പോകുന്നത് കടുത്ത പോരാട്ടമാണ്. നഗരങ്ങളിലെ മിഡില്‍ ക്ലാസ് ജനങ്ങള്‍ വരെ ബിജെപി അനുഭാവമുള്ളവരാണ് ഇപ്പോളെന്നും അപര്‍ണ സെന്‍ ഓര്‍മ്മിപ്പിച്ചു.  താന്‍ ഹിന്ദുക്കളുടെ മാത്രമല്ല ക്രിസ്ത്യന്‍സിന്‍റെയും ദളിതുകളുടെയും മുസ്ലീങ്ങളുടെയും പ്രധാനമന്ത്രിയാണെന്നത് നരേന്ദ്ര മോദി ഓര്‍ക്കണമെന്നും അപര്‍ണ സെന്‍ പറഞ്ഞു. എന്‍ഡിടിവിയോടാണ് അപര്‍ണ സെന്‍ പ്രതികരിച്ചത്.