രാം വിലാസ് പാസ്വാന്റെ ഇഫ്താർ വിരുന്നിനെ വിമർശിച്ച ഗിരിരാജ് സിംഗിന് അമിത് ഷായുടെ താക്കീത്

single-img
4 June 2019

കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ ബീഹാറിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനെ വിമർശിച്ച് വിവാദം സൃഷ്ടിച്ച ഗിരിരാജ് സിംഗിന് അമിത് ഷായുടെ താക്കീത്. വിവാദ പ്രസ്താവനകളിൽ നിന്നും വിട്ടു നിൽക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷാ നേരിട്ടു വിളിച്ചാണ് കേന്ദ്രമന്ത്രി കൂടിയായ ഗിരിരാജ് സിംഗിനെ താക്കീത് ചെയ്തത്.

കേന്ദ്ര ഭക്ഷ്യമന്ത്രിയും ലോക്ജനശക്തി പാർട്ടി നേതാവുമായ രാം വിലാസ് പാസ്വാൻ സംഘടിപ്പിച്ച ഇ​ഫ്താ​ർ വി​രു​ന്നിന്റെ ചിത്രങ്ങൾ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചായിരുന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

“നവരാത്രിയ്ക്ക് ഇതുപോലെ പലഹാരങ്ങളും മറ്റുമായി ഇതുപോലെ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നെങ്കിൽ എത്ര മനോഹരമായ ചിത്രങ്ങൾ ഇതുപോലെ ഉണ്ടായേനെ. എന്തുകൊണ്ടാണ് മറ്റുള്ളവരുടെ മതപരമായ ചടങ്ങുകളിൽ ഇത്തരം കാഴ്ചകൾ സൃഷ്ടിക്കാൻ പോകുന്ന നമ്മൾ നമ്മുടെ സ്വന്തം മതപരമായ ചടങ്ങുകൾ പൊതുവേദികളിൽ ആചരിക്കുവാൻ പുറകിലാകുന്നത് എന്തുകൊണ്ടാണ്?” എന്നായിരുന്നു ഗിരിരാജ് സിംഗിന്റെ ട്വീറ്റ്.

തി​ങ്ക​ളാ​ഴ്ച​യാ​ണു പാസ്വാ​ൻ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി​യ​ത്. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​.ജെ.​പി നേ​താ​വു​മാ​യ സു​ശീ​ൽ കു​മാ​ർ മോ​ദി​യും പാസ്വാ​ന്റെ ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഗിരിരാജ് സിംഗിനെ പരസ്യമായി വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾ ഇത്തരം പ്രസ്താവനകൾക്ക് അമിത് ശ്രദ്ധ കൊടുക്കുന്നതുകൊണ്ടാണ് ഗിരിരാജ് സിംഗ് ഇത്തരം വിവാദ പ്രസ്താ‍വനകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.