മരണകിടക്കയില്‍ നിന്നാണ് ഞാന്‍ ജീവിതത്തിലേക്ക് തിരികെ വന്നത്; ഭീതി വേണ്ട; ‘നിപ’യെ അതിജീവിച്ച അജന്യ പറയുന്നു

single-img
4 June 2019

നിപയെ അതിജീവിക്കാമെന്ന് ഓര്‍മപ്പെടുത്തുകയാണ് കോഴിക്കോട്ടുകാരി അജന്യ. കഴിഞ്ഞവര്‍ഷം കോഴിക്കോട്ട് നിപ 17 പേരുടെ ജീവനെടുത്തെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് തെളിയിച്ചയാളാണ് അജന്യ. മെയ് 15നാണ് കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അജന്യയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആദ്യമൊന്നും നിപയുടെ സംശയമില്ലായിരുന്നു. പിന്നീടാണ് സംശയത്തെ തുടര്‍ന്ന് രക്തം പരിശോധിച്ചത്. അങ്ങനെ പൂനെയിലെ ലാബില്‍ നിന്ന് റിസള്‍ട്ട് വന്നു, പോസിറ്റീവാണ്. അതായത് നിപ സ്ഥിരീകരിച്ചിരിക്കുന്നു.

അജന്യയുടെ വാക്കുകള്‍:

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്റണ്‍ഷിപ്പിന്റെ ഭാഗമായാണ് ഞാന്‍ അത്യാഹിത വിഭാഗത്തിലെത്തുന്നത്. അവിടെ നിന്ന് തിരിച്ച് ഹോസ്റ്റലില്‍ എത്തിയ ശേഷമാണ് പനി തുടങ്ങുന്നത്. സാധാരണ പനിയാണെന്ന് കരുതി. എങ്കിലും ഡോക്ടറെ കണ്ടപ്പോള്‍ വീട്ടില്‍ പോയി വിശ്രമിച്ചുകൊള്ളാന്‍ പറഞ്ഞു.

കൊയിലാണ്ടിയിലാണ് വീട്. വീട്ടിലെത്തി പിറ്റേദിവസം പനി കൂടി. ഛര്‍ദ്ദിയും ക്ഷീണവും കാരണം തലപ്പൊക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. ദേഹമാസകലം അസഹനീയ വേദനയും തുടങ്ങി. മെയ് 18നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവിടെ നിന്നും മെഡിക്കല്‍ കൊളജിലേക്ക് വിട്ടു.

മെഡിക്കല്‍ കോളേജില്‍ വന്നിട്ട് എത്രയോ ദിവസങ്ങള്‍ എനിക്ക് ഓര്‍മ്മയിലില്ല. പിന്നെ രോഗം സ്ഥിരീകരിച്ചു. ഞാനിതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ബീച്ച് ഹോസ്പിറ്റലിലാണ് പഠിക്കുന്നതെങ്കിലും പ്രാക്ടിക്കലിന് മെഡിക്കല്‍ കോളേജില്‍ വരണം. അന്ന് സാബിത്തിനെ കൊണ്ടുവന്ന ദിവസം ഞാനും കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.

അതുവഴിയാണ് രോഗം പകര്‍ന്നതത്രേ. പിന്നെ ബോധം വന്ന് ഐസിയുവില്‍ നിന്ന് മാറ്റിയപ്പോഴും ഞാന്‍ കാര്യങ്ങള്‍ മുഴുവനായി അറിഞ്ഞിരുന്നില്ല. ഐസൊലേഷന്‍ വാര്‍ഡിലായപ്പോഴും അമ്മയും അച്ഛനും മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്. പുറത്തുനിന്ന് ആരും വന്നിരുന്നില്ല. പൂര്‍ണ്ണമായും ഭേദമായ ശേഷമാണ് നിപ എന്ന് പറയുന്ന അസുഖത്തിനെ പറ്റിയും, അതുണ്ടാക്കിയ പേടി, മരണങ്ങള്‍… ഇതൊക്കെയും ഞാനറിയുന്നത്.

രോഗം മാറിവന്നതില്‍പ്പിന്നെ രണ്ടാഴ്ച കൂടി നല്ല റെസ്റ്റ് എടുത്തു. പിന്നെ ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ആ രോഗത്തിന്റെ പേരില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റിനിര്‍ത്തലോ, മറ്റ് പ്രശ്‌നങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. മാതാപിതാക്കള്‍, കുടുംബക്കാര്‍, നാട്ടുകാര്‍, സൂഹൃത്തുക്കള്‍, ആശുപത്രി ജീവനക്കാര്‍, സഹപ്രവര്‍ത്തകര്‍ ഇങ്ങനെ എല്ലാവരില്‍ നിന്നും സഹായങ്ങളും പിന്തുണയുമാണ് ഉണ്ടായിട്ടുള്ളൂ.

ഇന്നിപ്പോ ഇങ്ങനൊരു വാര്‍ത്ത കേട്ടപ്പോള്‍, സത്യത്തില്‍ എനിക്കങ്ങനെ വലിയ പേടിയൊന്നും ഉണ്ടായില്ല. ഒരു മരണം പോലും ഇനി, നിപയെത്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യില്ല എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനെയെല്ലാം നേരിടാന്‍ പ്രാപ്തരാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് നല്ല ശുഭാപ്തിവിശ്വാസത്തിലാണ്. ഭീതിയല്ല, ജാഗ്രത തന്നെയാണ് വേണ്ടത്, അക്കാര്യത്തില്‍ സംശയം വേണ്ട.

മരണത്തോളമെത്തി തിരിച്ചുവന്നിട്ടും നിപയെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോള്‍ അജന്യ ആത്മവിശ്വാസത്തിലാണ്. അതേ ആത്മവിശ്വാസവും കൂട്ടത്തില്‍ അല്‍പം കരുതലും തന്നെയാണ് ഇക്കാര്യത്തില്‍ നമ്മളോരോരുത്തരും പുലര്‍ത്തേണ്ടതും.