മുൻ ചീഫ് ജസ്റ്റിസ് ആർ എം ലോഢയ്ക്ക് ഓൺലൈൻ തട്ടിപ്പ് വഴി നഷ്ടമായത് ഒരുലക്ഷം രൂപ

single-img
3 June 2019

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മൽ ലോഢ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ലോഢയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു.

ഏപ്രില്‍ 19-ന് തന്റെ സുഹൃത്ത് ജസ്റ്റിസ് ബി.പി സിങ്ങിന്റെ ഇമെയിലിൽ നിന്ന് ലഭിച്ച സഹായ അഭ്യര്‍ത്ഥന പ്രകാരം ലോഢ ഒരു ലക്ഷം രൂപ കൈമാറിയിരുന്നു. ബിപി സിങ്ങിന്റെ കസിന്
lymphoblastic leukaemia എന്ന അസുഖമാണെന്നും അതിന്റെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ സർജ്ജന്റെ ബാങ്ക് അക്കൌണ്ടിലേയ്ക്ക് അയയ്ക്കണമെന്നുമായിരുന്നു മെയിൽ. മെയിൽ ലഭിച്ചതിന്റെ പിറ്റേന്ന് രണ്ടുതവണയായി ജസ്റ്റിസ് ലോഢ തുക അയച്ചുകൊടുക്കുകയായിരുന്നു.

എന്നാൽ മേയ് 30-ന് ലഭിച്ച മറ്റൊരു ഇമെയിൽ സന്ദേശത്തിൽ ജസ്റ്റിസ് ബിപി സിങ് ഏപ്രിൽ 18-ന് തന്റെ ഇമെയിൽ ഐഡി ആരോ ഹാക്ക് ചെയ്തിരുന്നതായി അറിയിക്കുകയായിരുന്നു. തന്റെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സഹായം ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചത് താനല്ലെന്നും സിങ് വ്യക്തമാക്കി.

ഇതേതുടര്‍ന്ന് ഡല്‍ഹി പോലീസില്‍ ജസ്റ്റിസ് ലോഢ പരാതി നല്‍കുകയായിരുന്നു. ഐ.ടി ആക്ട് പ്രകാരവും വഞ്ചന, സാമ്പത്തിക തട്ടിപ്പ് എന്നിവയ്ക്കും പോലീസ് കേസെടുത്തു.