‘നിപ’: സംസ്ഥാനത്തുടനീളം 50 പേര്‍ നിരീക്ഷണത്തില്‍: അഞ്ചംഗ പരിചയ സമ്പത്തുള്ള ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു: 3 മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡ്

single-img
3 June 2019

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ സംശയിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടകാര്യമില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ വൈ. സഫറുള്ള. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം നിപ വൈറസ് സംശയത്തില്‍ 50 പേര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എങ്കില്‍ പോലും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം, തൃശൂര്‍, കളമശേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ തുറന്നു.

അതേസമയം, നിപയെ പ്രതിരോധിച്ച് പരിചയമുള്ള ഡോക്ടറുമാരുടെ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. വരുന്നത് അഞ്ചംഗ പരിചയ സമ്പത്തുള്ള ഡോക്ടര്‍മാരുടെ സംഘമാണ്. നിപ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ ചികിത്സയ്ക്കായാണ് സംഘം എത്തുന്നത്. കഴിഞ്ഞ വര്‍ഷം ആരോഗ്യമേഖലയ്ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തിയ നിപയെ ഫലപ്രദമായി പ്രതിരോധിച്ച ഡോക്ടറുമാരുടെ സംഘമാണ് എത്തുന്നത്.

തൊടുപുഴയിലെ കോളജ് വിദ്യാര്‍ഥിയായ യുവാവ് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി തൃശൂരില്‍ താമസിക്കുമ്പോഴാണ് കടുത്ത പനി ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. തൊടുപുഴയില്‍ നിന്നു വരുമ്പോള്‍ തന്നെ പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. അതുകൊണ്ടു തന്നെ യുവാവിന് പനി ബാധിച്ചിരിക്കുന്നത് ഇടുക്കിയില്‍ നിന്നാകുമെന്നാണു വിലയിരുത്തല്‍. എറണാകുളം ജില്ലയിലെ പറവൂര്‍ വടക്കേക്കര തുരുത്തിപ്പുറം സ്വദേശിയാണു പനിബാധിതനായ യുവാവ്.

തൊടുപുഴയില്‍ വീടു വാടയ്‌ക്കെടുത്താണു യുവാവ് താമസിച്ചിരുന്നത്. 4 പേരും ഒപ്പമുണ്ടായിരുന്നുവെന്നാണു വിവരം. അസുഖം ബാധിച്ചതിനെ തുടര്‍ന്നു വീടിനടുത്തുള്ള ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്നുമാണു എറണാകുളത്തേക്കു റഫര്‍ ചെയ്തത്. യുവാവ് പഠിക്കുന്ന കോളജ് നിരീക്ഷണത്തിലാണെന്നു ഇടുക്കി ഡിഎംഒ: ഡോ. എന്‍.പ്രിയ പറഞ്ഞു.

ഇന്നു വൈകിട്ടോടെ മാത്രമേ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധന ഫലം ലഭ്യമാകൂ. ഈ ഫലം കൂടി കിട്ടിയാലെ നിപയുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാനാവൂ. ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൊച്ചിയിലേക്ക് തിരിച്ചു. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ അടിയന്തിരമായി ചികിത്സ തേടണമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

ഫലം പോസിറ്റീവ് ആകുകയാണെങ്കില്‍ യുവാവ് താമസിച്ച സ്ഥലങ്ങളിലും മറ്റും എടുക്കേണ്ട അടിയന്തര നടപടി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി തൃശൂരില്‍ യോഗം ചേര്‍ന്നു. തൃശൂരില്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷമാണ് യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആവശ്യത്തിന് മരുന്ന് സ്റ്റോക്കുണ്ടെന്നും ആശങ്കയ്ക്ക് സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.