കോഴിക്കോട് നിന്ന് കാണാതായ 16കാരിയെ യുവാവിനൊപ്പം തിരുവനന്തപുരത്ത് കണ്ടെത്തി

single-img
3 June 2019

കോഴിക്കോട് നാദാപുരത്ത് നിന്ന് കാണാതായ 16കാരിയെ തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ മാളിനടത്തുവച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെ പെണ്‍കുട്ടിയെ കായക്കൊടി സ്വദേശിയായ യുവാവിനൊപ്പം പൊലീസ് കണ്ടെത്തുകയായിരുന്നു.

മെയ് 31ന് വൈകീട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. നാദാപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കായക്കൊടി സ്വദേശിക്കൊപ്പമാണ് പെണ്‍കുട്ടി പോയതെന്ന് വ്യക്തമായി.

വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇവര്‍ സഞ്ചരിച്ച കെ.എല്‍ 18 എന്‍ 3600 നമ്പര്‍ ഇന്നോവ കാര്‍ അന്വേഷണ സംഘം കണ്ടെടുത്തു. ഇവര്‍ കോഴിക്കോട്ടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായും കണ്ടെത്തി.

തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തെക്കന്‍ കേരളത്തിലേക്ക പോയതായി മനസിലായി. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ശനിയാഴ്ച രാത്രി തിരുവനന്തപുരത്താണെന്ന് കണ്ടെത്തിയതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി. പിന്നീടാണ് ഇവരെ പിടികൂടിയത്.