പ്രതികാരം ചെയ്ത് മമതാ ബാനര്‍ജി: ബി.ജെ.പി കയ്യേറിയ പാര്‍ട്ടി ഓഫീസ് തിരിച്ചുപിടിച്ചു: വീഡിയോ

single-img
3 June 2019

ബംഗാളില്‍ തൃണമൂല്‍ ബി.ജെ.പി ഏറ്റുമുട്ടല്‍ തുടരുന്നു. നെയ്ഹാട്ടിയിലെ നോര്‍ത്ത് 24 പ്രഗാന്‍ ജില്ലയില്‍ ബി.ജെ.പി പിടിച്ചെടുത്ത ഓഫീസ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തിരിച്ചു പിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മമത ബാനര്‍ജി നേരിട്ടെത്തി ഓഫീസ് തിരിച്ചുപിടിച്ചത്.

പാര്‍ട്ടി ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മമത ചുമരില്‍ തൃണമൂലിന്റെ ചിഹ്നം വരച്ചതിന് ശേഷമാണ് പുറത്തിറങ്ങിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസായിരുന്ന കെട്ടിടം ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് ബി.ജെ.പി പിടിച്ചെടുത്തത്.

മേയ് 30ന് മോദിയുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നൈഹാട്ടി മേഖലയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നിരുന്നു. ഇതിന് ശേഷം നടന്ന പൊതുസമ്മേളനത്തിന് ശേഷം ബി.ജെ.പി ഓഫീസിലേക്ക് എത്തിയ മമതയും കൂട്ടരും ഓഫീസിന്റെ ചുവരിലും മറ്റും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം വരച്ചു. ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മമത ഓഫീസ് തിരിച്ച് പിടിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

ഈ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് തന്റെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ മമത രൂക്ഷമായ പ്രതികരണം നടത്തിയത്. ജയ് ശ്രീറാം വിളിച്ച് ബി.ജെ.പിക്കാരോട് നിങ്ങള്‍ ബംഗാളുകാര്‍ അല്ലെന്നും പുറത്ത് നിന്നും വന്നവരാണെന്നുമായിരുന്നു മമതയുടെ പ്രതികരണം. ഇതിന് പിന്നാലെ മമതയ്ക്ക് ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്ത 10 ലക്ഷം കാര്‍ഡുകള്‍ അയയ്ക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പല ഓഫീസുകളും ബി.ജെ.പിയുടേതായി മാറിയതായി ആരോപണമുണ്ട്. മാത്രവുമല്ല പല സ്ഥലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.