മലപ്പുറത്ത് സ്വർണ്ണക്കടത്തുമാഫിയയ്ക്ക് വേണ്ടി യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: 5 പേ‍ർ പിടിയിൽ

single-img
3 June 2019

മലപ്പുറം: തുവ്വൂരില്‍ കാര്‍യാത്രക്കാരെ  തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. സ്വര്‍ണ്ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അഞ്ചംഗ സംഘം മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയത്.  

തട്ടിക്കൊണ്ടു പോയ മൂന്നു പേരേയും മംഗളുരു കേന്ദ്രമായ സ്വര്‍ണക്കടത്തുക്കടത്തു സംഘത്തിന് കൈമാറിയതായി പ്രതികൾ മൊഴി നൽകിയതിനെത്തുടർന്ന് കേരള പൊലീസ് മംഗളുരുവിലേക്ക് തിരിച്ചു.

മലപ്പുറം എടവണ്ണ സ്വദേശികളായ ഫസൽ റഹ്മാൻ, കളപ്പാടൻ മുഹമ്മദ് നിസാം, സക്കീർ ഹുസൈൻ, അരീക്കോട് മൈത്ര സ്വദേശികളായ പാറക്കൽ അബ്ദുൽ നാസർ, ഷിഹാബുദ്ദീൻ എന്നിവരാണ് പിടിയിലായത്. ദുബായിലേക്ക് രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ്

ഗള്‍ഫില്‍ നിന്ന് കടത്തിയ സ്വര്‍ണം കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തിയ ശേഷം കാരിയര്‍മാരുടെ അറിവോടെ തട്ടിയെടുത്ത സംഭവങ്ങളുടെ തുടര്‍ച്ചയായാണ് സ്വര്‍ണക്കടത്തുകാര്‍ മൂന്നു പേരെ ബുധനാഴ്ച മലപ്പുറം തുവ്വൂരില്‍ വച്ച് രാത്രി തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിൽ തുവ്വൂര്‍ ഹൈസ്ക്കൂള്‍ പടിയില്‍ വച്ച് മൂന്നു പേര്‍ സഞ്ചരിച്ച കാറില്‍ ജീപ്പിടിപ്പിച്ച ശേഷമായിരുന്നു സംഭവം. കണ്ണൂര്‍ കൂത്തുപറമ്പ്, ചെമ്മാട് സ്വദേശികളായ മൂന്നു പേരേയാണ് സംഘം തട്ടിയെടുത്തത്. തട്ടിക്കൊണ്ടുപോയവരെ കൊയിലാണ്ടിയിലെത്തിച്ച ശേഷം മംഗളുരു, കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണമാഫിയക്ക് കൈമാറി.

കണ്ണൂര്‍ സ്വദേശികളായ ജംഷീര്‍, നിജാര്‍, മലപ്പുറം സ്വദേശി റസാദ് എന്നിവരെയാണ് ജീപ്പിലെത്തിയ സംഘം പിടിച്ചുകൊണ്ടുപോയത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന കൂത്തുപറമ്പ് സ്വദേശി റംഷാദ് ആക്രമികളുമായുണ്ടായ പിടിവലിക്കിടെ ഓടി രക്ഷപ്പെട്ടു. ഇയാൾ നല്‍കിയ വിവരമനുസരിച്ച് പെരിന്തല്‍മണ്ണ പൊലീസ്  നടത്തിയ  അന്വേഷണത്തിലാണ്  അഞ്ചംഗ സംഘം പിടിയിലായത്.