കയ്യിലുണ്ടായിരുന്നത് തന്റെയും മകളുടേയും സ്വര്‍ണ്ണം: വണ്ടി ഓടിച്ചത് അര്‍ജുന്‍: ബാലഭാസ്‌കറിന്റെ ബന്ധുവിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് ലക്ഷ്മി

single-img
3 June 2019

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അപകടം ഉണ്ടാകുമ്പോള്‍ ലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം ആരുടേതെന്ന ചോദ്യമുന്നയിച്ച് ബാലഭാസ്‌കറിന്റെ ബന്ധു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിന് പ്രതികരണവുമായെത്തിയിരിക്കുകയാണ് ലക്ഷ്മി. കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം തന്റെയും മകളുടെയും മാത്രമാണെന്നും, യാത്രയുടെ ഒരു ഘട്ടത്തിലും അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

അപകട സമയത്തു ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണു വാഹനം ഓടിച്ചത്. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും മകളും മുന്‍ സീറ്റിലാണ് ഇരുന്നത്. സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെയും ഒളിവിലുള്ള വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിയില്ല. ബാലഭാസ്‌കറുമായി പ്രകാശ് തമ്പി അടുപ്പത്തിലാകുന്നതു ജിംനേഷ്യത്തിലാണ്.

അവിടെ ബാലുവിന്റെ ട്രെയിനറായിരുന്നു തമ്പി. സംഗീതപരിപാടികള്‍ ഏകോപിപ്പിക്കുന്നയാള്‍ ഇതിനിടെ വിദേശത്തു പോയപ്പോള്‍ തമ്പി ഈ ജോലി ഏറ്റെടുത്തു. തമ്പി ഉള്‍പ്പെടെ പലരും ഈ ജോലി ചെയ്തിട്ടുണ്ട്. ഇവരുമായി ബാലുവിനു മറ്റു ബന്ധങ്ങളില്ലെന്ന പോസ്റ്റ് ബാലഭാസ്‌കറിന്റെ ഫെയ്‌സ് ബുക് പേജില്‍ ഇട്ടതു തന്റെ അറിവോടെയാണ്.

ബാലുവിന്റെ ഓണ്‍ലൈന്‍ പ്രമോഷന്‍ ജോലി നടത്തിയിരുന്ന ഏജന്‍സിയാണ് ഇതു ചെയ്തത്. അപകടത്തെത്തുടര്‍ന്നു തനിക്കു ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് ഏജന്‍സിയോട് പോസ്റ്റ് ഇടാന്‍ നിര്‍ദേശിച്ചതെന്നും ലക്ഷ്മി പറഞ്ഞു.

അതേസമയം ബാലഭാസ്‌കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡിലുള്ള പ്രകാശ് തമ്പിയുടെ മൊഴിയെടുക്കും. ഇതിനായി കോടതിയില്‍ ഇന്നു കസ്റ്റഡി അപേക്ഷ നല്‍കും. ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോ–ഓര്‍ഡിനേറ്റര്‍ ആയിരുന്ന പ്രകാശ് തമ്പി സ്വര്‍ണക്കടത്തിനു പിടിയിലായപ്പോഴാണു ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും ചൂടുപിടിച്ചത്.

സംഭവവുമായി ബന്ധപ്പെട്ടു ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി സ്വര്‍ണക്കടത്ത് സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി വീണ്ടും എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐയില്‍ നിന്നും പ്രതികളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. സ്വര്‍ണക്കടത്തു കേസിലെ പ്രതിയും സംഗീത പരിപാടികളുടെ സംഘാടകനുമായ വിഷ്ണു ഇപ്പോഴും ഒളിവിലാണ്. ബാലഭാസ്‌കറിന്റെ മരണ ശേഷം പ്രകാശ് തമ്പി ഒട്ടേറെ തവണ വിദേശയാത്ര നടത്തിയതായി ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, അപകടസമയത്തു ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചിരുന്നത് ആരാണെന്ന് ഉറപ്പുവരുത്താന്‍ ശാസ്ത്രീയ പരിശോധനയും നടത്തും.

2018 സെപ്റ്റംബര്‍ 25 ന് കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്താണ് അപകടം നടന്നത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2 ന് ആശുപത്രിയിലും മരിച്ചു. ലക്ഷ്മിക്കു ഗുരുതര പരുക്കേറ്റിരുന്നു.