നിപ ഇനിയും സ്ഥിരീകരിച്ചിട്ടില്ല: 86 പേർ നിരീക്ഷണത്തിൽ;പൂനെയിൽ നിന്ന് ഫലം രാത്രി 7.30-ഓടെ;

single-img
3 June 2019

പനി ബാധിച്ച് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗിക്കു നിപയാണെന്ന് ഇതുവരെ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. എങ്കിലും നിപയാണെന്നു കരുതിയുള്ള തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണം വൈകിട്ട് ഏഴരയോടെ ലഭിച്ചേക്കും. എല്ലാ തരത്തിലുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും, രോഗി സഞ്ചരിച്ച തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ കൃത്യമായി പ്രതിരോധത്തിനുള്ള ഒരുക്കങ്ങൾ നടത്തിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗിയുമായി അടുത്തിടപഴകിയ 86 പേർ നിരീക്ഷണത്തിലാണെന്നും കളമശേരി മെഡിക്കൽ കോളജിൽ നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോഴിക്കോട്, കളമശ്ശേരി, ഇടുക്കി എന്നീ മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. എറണാകുളത്ത് കൺട്രോൾ റൂമുകൾ തുറന്നു. കോഴിക്കോട്ട് നിപ ബാധയുണ്ടായപ്പോൾ പ്രതിരോധിക്കാൻ നേതൃത്വം നൽകിയ ഡോക്ടർമാരുടെ സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്. ആറ് പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനാകും വിധമാണ് ഐസൊലേഷൻ വാർഡിലെ ക്രമീകരണങ്ങൾ. രോഗമുണ്ടെന്ന സംശയത്തോടെ ആരെത്തിയാലും വിദഗ്‍ധ സംഘത്തിന്‍റെ പരിചരണം ഉറപ്പാക്കാനും നടപടി എടുത്തതായി മന്ത്രി അറിയിച്ചു.

പൊതുജനങ്ങൾക്ക് സംശയനിവാരണത്തിന് വേണ്ടി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 1077, 1056 എന്നീ നമ്പറുകളിൽ ജനങ്ങൾക്ക് 24 മണിക്കൂറും കൺട്രോൾ റൂമുകളിൽ വിളിച്ച് സംശയങ്ങൾ പങ്കുവയ്ക്കാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കളക്ടറുടെ ഓഫീസിലാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഇത് പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. കൺട്രോൾ റൂം കേന്ദ്രീകരിച്ചാകും എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുക.

പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യമന്ത്രി തിങ്കളാഴ്ച രാവിലെയാണ് വ്യക്തമാക്കിയത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം നിപയുടെ സൂചനകള്‍ നല്‍കുന്നുവെന്നും പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി ലഭിച്ചാലെ സ്ഥിരീകരിക്കാനാകുവെന്നും മന്ത്രി വ്യക്തമാക്കി.