കെവിന്റേത് അപകടമരണമല്ല; മുക്കിക്കൊന്നത്; ഉറപ്പിച്ച് ഫൊറന്‍സിക് വിദഗ്ധരുടെ മൊഴി

single-img
3 June 2019

കെവിനെ പുഴയില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നെന്നും വിചാരണ കോടതിയില്‍ ഇവര്‍ മൊഴി നല്‍കി. അരയ്‌ക്കൊപ്പം വെള്ളമുള്ള പുഴയില്‍ കെവിന്‍ സ്വമേധയാ മുങ്ങി മരിക്കാനുള്ള സാധ്യതയില്ല.

ശ്വാസകോശത്തില്‍ എത്തിയ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരുടെ മൊഴി. ബോധത്തോടെ ഒരാളെ മുക്കിയാല്‍ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തില്‍ കയറൂ എന്നും ഫോറന്‍സിക് സംഘം വിശദീകരിച്ചു. കേസില്‍ ഈ മൊഴി ഏറെ നിര്‍ണായകമാണ്.

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിശദീകരിച്ചുകൊണ്ടാണ് ഫോറന്‍സിക് വിദഗ്ധര്‍ ഇന്ന് കോടതിയില്‍ മൊഴി നല്‍കിയത്. കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ട് പോയെന്നത് സത്യമാണെങ്കിലും ഇവര്‍ രക്ഷപ്പെട്ടുവെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. ഫോറന്‍സിക് വിദഗ്ധരുടെ മൊഴിയോട് കൂടി മുക്കി കൊന്നത് ഞങ്ങളല്ല എന്ന പ്രതികളുടെ വാദം കൂടിയാണ് അസാധുവാകുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാനത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ട് പോകല്‍. 28ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ച കേസില്‍ അതിവേഗവിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്.