ജഗതി ശ്രീകുമാർ തിരികെയെത്തി: 7 വർഷങ്ങൾക്ക് ശേഷം ജഗതി അഭിനയിച്ച പരസ്യം റിലീസ് ആയി

single-img
3 June 2019

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ നടൻ ജഗതി ശ്രീകുമാര്‍ അഭിനയിച്ച പരസ്യ ചിത്രം റിലീസ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയ രംഗത്തെത്തുന്നത്.

Support Evartha to Save Independent journalism

ജഗതിയുടെ മകൻ രാജ്കുമാർ ആരംഭിച്ച പരസ്യ കമ്പനിയായ ‘ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ്’ ആണ് തൃശൂർ ആതിരപ്പള്ളിയിലുള്ള സിൽവർ സ്റ്റോം തീം പാർക്കിന്റെ പരസ്യത്തിലൂടെ ജഗതിയെ തിരികെയെത്തിച്ചിരിക്കുന്നത്. ജഗതിക്കൊപ്പം മകൻ രാജ്കുമാർ, മകൾ പാർവതി ഷോൺ മറ്റു കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്.

തിരുവമ്പാടി തമ്പാൻ’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ ജഗതി അഭിനയിച്ചത്. അവിടെ നിന്നു ലെനിൻ രാജേന്ദ്രന്റെ സിനിമയുടെ ലൊക്കേഷനിലേക്കു പോകുമ്പോഴുണ്ടായ അപകടമാണ് ജഗതി ശ്രീകുമാർ എന്ന നടന്റെ ജീവിതം മാറ്റിമറിച്ചത്. തുടർന്ന് 7 വർഷമായി അദ്ദേഹം വീൽചെയറിലാണ്.  തിരുവനന്തപുരത്തു പേയാട്ടുള്ള വസതിയിലാണു താമസം. വലതു കൈയ്ക്കു സ്വാധീനക്കുറവുണ്ട്. സംസാരിക്കുന്നതിനു ബുദ്ധിമുട്ടുള്ളതിനാൽ കൂടുതലും ആംഗ്യഭാഷയിലാണു സംസാരം.

ഗുഡ്മോണിങ് പോലെയുള്ള ചെറിയ വാചകങ്ങൾ മാത്രം പറയും. പത്രങ്ങളും പുസ്തകങ്ങളും വായിച്ചും ടിവിയിൽ സിനിമ കണ്ടുമാണു സമയം ചെലവഴിക്കുന്നത്. ഒപ്പം കൊച്ചുമക്കളുമായി കളിച്ചും ചിരിച്ചും ഇരിക്കും. 

ജഗതിയെ വീണ്ടും മേക്കപ്പ് അണിയിച്ചു ക്യാമറയ്ക്കു മുന്നിലേക്ക് എത്തിച്ചതു പട്ടണം ഷാ ആണ്. സന്തോഷ് ശിവന്റെ അസോഷ്യേറ്റായി പ്രവർത്തം തുടങ്ങി തമിഴിൽ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ അരവിന്ദ് സിങ് ആണു ക്യാമറാമാൻ. മണിരത്നത്തിന്റെ ടീം അംഗവും തമിഴ് സിനിമകളിലൂടെ പ്രശസ്തനുമായ സതീഷ് സൂര്യ എഡിറ്റിങ് നിർവഹിക്കുന്നു. സംഗീത സംവിധാനം ജാസി ഗിഫ്റ്റ്. സംവിധാനം സിദ്ധിൻ.