ഫെയ്‌സ്ബുക്ക് ഓഫീസിന് മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധം

single-img
3 June 2019

ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സെന്‍സര്‍ഷിപ്പ് നയങ്ങളില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ഫേസ്ബുക്ക് ഓഫീസിന് മുന്നില്‍ നൂറോളം പേര്‍ നഗ്‌നരായി പ്രതിഷേധിച്ചു. കലാപരമായ നഗ്‌നതയുമായി ബന്ധപ്പെട്ട് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിനാണ് ആളുകളുടെ പ്രതിഷേധം. വീ ദ നിപ്പിള്‍ (#wethenipple) എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം അമേരിക്കന്‍ കലാകാരനായ സ്‌പെന്‍സര്‍ ട്യൂണിക്കും നാഷണല്‍ കോഅലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും (എന്‍.സി.എ.സി.) ചേര്‍ന്നാണ് സംഘടിപ്പിച്ചത്.

ഞായറാഴ്ച രാവിലെ മുതലാണ് പ്രതിഷേധക്കാര്‍ റോഡില്‍ നഗ്‌നരായി കിടന്ന് പ്രതിഷേധിച്ചത്. പുരുഷ മുലഞെട്ടിന്റെ വലിയ ചിത്രം കൊണ്ട് സ്വന്തം സ്വകാര്യ ഭാഗങ്ങള്‍ മറച്ചുപിടിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. ‘ഗ്രാബ് ദെം ബൈ ദ ബാലറ്റ്’ എന്ന വനിതാ അവകാശ സംഘടനയും പ്രതിഷേധ സമരത്തില്‍ പങ്കാളികളായി. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വഴി കലാപരമായ സ്ത്രീ നഗ്‌നത സെന്‍സര്‍ ചെയ്യുന്നതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.

സ്ത്രീ ശരീരത്തിന്റെ പദവിയുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി ശാക്തീകരണം നടത്തിവരുന്ന ‘ഗ്രാബ് ദെം ബൈ ദ ബാലറ്റ്’ 2020ലെ തിരഞ്ഞെടുപ്പ് സ്ത്രീകള്‍ ബഹിഷ്‌കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നു. പ്രചാരണങ്ങളുടെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന സ്ത്രീകളുടെ കലാപരമായ നഗ്‌നചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് തുടര്‍ച്ചയായി നീക്കം ചെയ്യുന്നതാണ് ഇവര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. മാതൃദിനത്തിന് വേണ്ടി തയ്യാറാക്കിയ ചിത്രവും ഈ രീതിയില്‍ നീക്കം ചെയ്യപ്പെട്ടുവെന്ന് സംഘടനാ സ്ഥാപകയായ ഡൗണ്‍ റോബേര്‍ട്ടസണ്‍ പറഞ്ഞു.